ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ലോക്സഭയില്‍ അവതരിപ്പിച്ചു. അസമിലെ ജനങ്ങള്‍ക്കെതിരാണ് പ്രസ്തുത ബില്‍ എന്ന് പ്രതിപക്ഷത്തിന്റെ വ്യാജപ്രചരണം രാജ്നാഥ് സിംഗ് തള്ളി. ബംഗ്ലാദേശ്, പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളില്‍നിന്നുള്ള മുസ്ലിം ഇതര വിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാനുള്ള കാലയളവില്‍ ഇളവ് നിര്‍ദേശിക്കുന്നതാണ് ബില്‍.
അതേസമയം പൗരത്വബില്ലിന്റെ ചര്‍ച്ചയില്‍ നിന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോയി. ബില്‍ സെലക്ട് കമ്മിറ്റിയ്ക്ക് വിടണമെന്നാവശ്യപ്പെട്ടാണ് അവര്‍ സഭ വിട്ടത്. തൃണമൂല്‍ കോണ്‍ഗ്രസാണ് ബില്ലിനെ എതിര്‍ത്ത് രംഗത്തുള്ള പ്രമുഖ കക്ഷി. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ബില്ലിനെതിരായ ജനവികാരം ശക്തമാണ്. മുന്നാക്കകാരിലെ പിന്നോക്കകാര്‍ക്കുള്ള പത്ത് ശതമാനം സംവരണം അനുവദിക്കുന്ന സംവരണബില്ലിനൊപ്പം തിങ്കളാഴ്ച്ച ചേര്‍ന്ന അടിയന്തരമന്ത്രിസഭാ യോഗമാണ് പൗരത്വബില്ലിനും അംഗീകാരം നല്‍കിയത്. നേരത്തെ കൊണ്ടു വന്ന ബില്ലില്‍ പരിഷ്കാരങ്ങള്‍ നല്‍കിയാണ് പുതിയ ബില്‍ അനുവദിച്ചിരിക്കുന്നത്.
2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങലില്‍ ഒന്നായിരുന്നു ഇത്. നേരത്തെ പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് അസം ഗണ പരിഷത്ത് (എ.ജി.പി) ബി.ജെ.പിയില്‍ സഖ്യം വിട്ടിരുന്നു. ലോക്സഭയില്‍ ബില്‍ അവതരിപ്പിക്കാതിരിക്കാനുള്ള അവസാന ശ്രമങ്ങളുടെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗുമായി അസം ഗണപഷത്ത് നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ച പരാജയപ്പെട്ടതോടെയാണ് എന്‍.ഡി.എ വിടാന്‍ എ.ജി.പി തീരുമാനിച്ചത്.
