മുന്നാക്ക സംവരണം: തിരഞ്ഞെടുപ്പ് തന്ത്രമെന്ന് സി.പി.എം, എതിര്‍പ്പുമായി വി.എസും

ന്യൂഡല്‍ഹി: മുന്നാക്ക സമുദായത്തിലെ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സര്‍വീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള ഭരണഘടനാ ഭേദഗതിയെ വിമര്‍ശിച്ച്‌ സി.പി.എം പോളിറ്റ് ബ്യൂറോ. കേന്ദ്ര സര്‍ക്കാറിന്റെ നീക്കം തെരഞ്ഞെടുപ്പ് തന്ത്രമാണെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് മോദി സര്‍ക്കാറിന്റെ തീരുമാനം. തൊഴിലവസരം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ലെന്നതിന്റെ കുറ്റസമ്മതമാണിത്. എട്ടു ലക്ഷം രൂപ വരുമാന പരിധി വച്ചത് തീരുമാനത്തിന്റെ അന്തസത്ത അട്ടിമറിക്കും. വിപുലമായി ചര്‍ച്ച ചെയ്യാതെ തീരുമാനം നടപ്പാക്കരുതെന്നും സി.പി.എം അറിയിച്ചു.

അതേസമയം,മുന്നാക്കക്കാരില്‍ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണമേര്‍പ്പെടുത്തുമെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തോടുള്ള സി.പി.എം നിലപാടിനെ തള്ളിപ്പറഞ്ഞ് വി.എസ്. അച്യുതാനന്ദനും രംഗത്തെത്തി. സാമൂഹ്യനീതി നേടിയെടുക്കാനുള്ള ഉയര്‍ന്ന ലക്ഷ്യത്തെ വ്യാപകവും സമഗ്രവുമായി ആശയരൂപീകരണം നടത്തിക്കൊണ്ടാണ് നേടിയെടുക്കേണ്ടത് എന്നും ഇതൊന്നും ചെയ്യാതെ സവര്‍ണ്ണ വോട്ടുകള്‍ പരമാവധി സ്വരൂപിക്കുക എന്ന ഏക ലക്ഷ്യവുമായി ബി.ജെ.പി മുന്നോട്ടുവെയ്ക്കുന്ന ആശയമാണ് മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് പത്ത് ശതമാനം സംവരണമെന്നത് എന്നും വി.എസ് പ്രസ്താവനയില്‍ വ്യക്തമാക്കി. രാജ്യവ്യാപകമായി ചര്‍ച്ച ചെയ്ത ശേഷമേ, മുന്നാക്കക്കാരായി വിളിക്കപ്പെടുന്ന വിഭാഗങ്ങളിലെ സാമൂഹ്യ പിന്നാക്കാവസ്ഥയുള്ളവരുടെ സംവരണ കാര്യത്തില്‍ തീരുമാനമെടുക്കാവൂ എന്നും വി.എസ് ചൂണ്ടിക്കാട്ടി.

ഹീനമായ കുലത്തൊഴിലുകളും തൊട്ടുകൂടായ്മയും മൂലം അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വിദ്യാഭ്യാസവും തൊഴിലും അപ്രാപ്യമാവുന്ന സാമൂഹ്യ അനീതിക്കെതിരെ അവശ്യമായ ഒരു ജനാധിപത്യ അവകാശമായാണ് സംവരണത്തെ കാണേണ്ടത്. ഈ കാരണം കൊണ്ടു തന്നെ ഇന്ത്യന്‍ ജനാധിപത്യത്തില്‍ സംവരണം എന്ന ആശയത്തിന്റെ സത്ത ചോര്‍ത്തിക്കളയുന്ന തീരുമാനമാണ് ബി.ജെ.പി മന്ത്രിസഭ കൈക്കൊണ്ടിട്ടുള്ളത്.

സംവരണം എന്നത് ഒരു സാമ്ബത്തിക പദ്ധതിയല്ല. അതുകൊണ്ടാണ് ജനകീയ ജനാധിപത്യത്തിന്റെ സത്തയുമായി ഒരുതരത്തിലും യോജിച്ചുപോവാത്ത സാമ്ബത്തിക സംവരണത്തെ സി.പി.എം പിന്തുണയ്ക്കാതിരുന്നത്. വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് ഇതുപോലൊരു ക്യാബിനറ്റ് തീരുമാനമുണ്ടായപ്പോള്‍ സി.പി.എം അതിന്റെ പൊള്ളത്തരം തുറന്നുകാട്ടിയിട്ടുണ്ട്. ജാതി പിന്നോക്കാവസ്ഥപോലെ സാമ്ബത്തിക പിന്നോക്കാവസ്ഥ ശാശ്വതമല്ല. സംവരണം പോലുള്ള കാര്യങ്ങളെ കേവലം വോട്ട് ബാങ്ക് രാഷ്ട്രീയമാക്കി തരം താഴത്താനുള്ള ബി.ജെ.പിയുടെ നീക്കം തുറന്നു കാട്ടപ്പെടണമെന്നും വി.എസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *