ചിന്തിപ്പിക്കുന്ന തവള

നിലമ്പൂര്‍: നിലമ്പൂര്‍ തേക്കുമ്യൂസിയത്തിലേക്ക് കടക്കുന്നവരെ ഇനി ഒട്ടൊന്നു ചിന്തിപ്പിക്കാന്‍ രണ്ടുപേരുണ്ടാവും. മറ്റാരുമല്ല പ്രകൃതിയുടെ ചെറിയ ശോഷണങ്ങള്‍ പോലും താങ്ങാത്ത തവളകളുടെ രണ്ടു കൂറ്റന്‍ രൂപങ്ങളാണവ. മനുഷ്യ സമൂഹത്തിന്റെ സമ്പുഷ്ടവും ആഹ്ലാദപൂര്‍ണ്ണവുമായ ജീവിതത്തിന് ആരോഗ്യപൂരണ്ണമായ പരിസ്ഥിതിയും ആവശ്യമാണെന്ന സന്ദേശം സഞ്ചാരികള്‍ക്ക് നല്കുന്നതിനായി നിലമ്പൂര്‍ തേക്ക് മ്യൂസിയത്തില്‍ ഒരുക്കിയ ചെസ്സ് കളിക്കുന്ന ഭീമന്‍ തവളകളുടെ പ്രതിമ ശ്രദ്ധയാകര്‍ഷിക്കുന്നു. ഇത്തരം ആരോഗ്യ പൂര്‍ണ്ണമായ പരിസ്ഥിതിയിലെ തവളകളുടെ പ്രശാന്ത സുന്ദരമായ ജീവിതത്തിന്റെ പ്രതിരൂപമായാണ് ഈ പ്രതിമയെ ഒരുക്കിയിരിക്കുന്നത്. കേരള വനഗവേഷണ കേന്ദ്രത്തിനുകീഴിലുള്ള നിലമ്പൂരിലെ തേക്ക് മ്യൂസിയത്തിനു പുറകില്‍ തയ്യാറാക്കിയ കുളത്തിനു നടുവിലായാണ് ചെസ്സ് ടേബിളിനു ഇരുവശവുമായി ചിന്താമഗ്നരായി കളിയില്‍ ശ്രദ്ധയൂന്നിയിരിക്കുന്ന രീതിയില്‍ തവളകളുടെ രൂപം നിര്‍മ്മിച്ചിരിക്കുന്നത്. വനഗവേഷണ കേന്ദ്രം സയന്റിസ്റ്റ് ഇന്‍ ചാര്‍ജ്ജ് യു.എം.ചന്ദ്രശേഖര ഡിസൈന്‍ ചെയ്ത സങ്കല്പം കണ്ണൂരില്‍ നിന്നുള്ള ശില്പികളായ അരുണ്‍, ശ്യാം എന്നവരാണ് ഒരു മാസത്തോളം സമയമെടുത്ത് കോണ്‍ക്രീറ്റില്‍ ശില്പം തയ്യാറാക്കിയത്. കേന്ദ്രത്തിന്റെ ഫണ്ടില്‍ നിന്നും 2.2 ലക്ഷം രൂപ ചെലവിട്ടാണ് ശില്പ നിര്‍മ്മാണം നടത്തിയത്. തേക്ക് മ്യൂസിയത്തോടനുബന്ധിച്ചുള്ള ജൈവ വൈവിധ്യ ഉദ്യാനത്തിലേക്ക് പ്രവേശിക്കുന്നതിനു തൊട്ടു മുന്‍പായാണ് കുളത്തില്‍ വെള്ളത്തിനുമുകളില്‍ ആറടിയോളം ഉയരമുള്ള പ്രതിമ. ജൈവ വൈവിധ്യം നിറഞ്ഞ ആരോഗ്യമുള്ള ഒരു പരിസ്ഥിതിയുടെ സൂചകമായി കണക്കാക്കുന്നതിന് തവളകളുടെ രൂപം ഉപയോഗിച്ചത് ഉയര്‍ന്ന സൂക്ഷമ സംവേദന ശേഷി നിറഞ്ഞ ജീവികളെന്ന നിലയില്‍ പരിസ്ഥിതിയിലെ ചെറിയ വ്യതിയാനങ്ങള്‍ പോലും തിരിച്ചറിയുന്നവയാണ് എന്ന നിലയിലാണെന്ന് ഡോ.ചന്ദ്രശേഖര പറയുന്നു. തവളകള്‍ ഉയര്‍ത്തുന്ന പ്രതികരണങ്ങള്‍ വാസസ്ഥലത്തിന്റെ ശോഷണം, പരിസ്ഥിതിയിലെ സമ്മര്‍ദ്ദം, കീടനാശിനികള്‍ കൊണ്ടുള്ള ആഘാതം, മനുഷ്യനിര്‍മ്മിത ദോഷപ്രവര്‍ത്തികള്‍ തുടങ്ങിയവയെ ചൂണ്ടിക്കാട്ടുന്നവയാണ്. അതുകൊണ്ടുതന്നെ പരിസ്ഥിതിയുടെ ആരോഗ്യനിലവാരത്തെ അളക്കുന്നതില്‍ തവളകളുടെ പ്രാധാന്യം ഏറെയാണെന്നും അദ്ദേഹം പറയുന്നു.ഗവേഷകരടക്കം ഏറെ സഞ്ചാരികളെത്തുന്ന തേക്ക് മ്യൂസിയത്തിലെ കാഴ്ചകള്‍ക്ക്  ഈ പുതിയ സൃഷ്ടി മുതല്‍ക്കൂട്ടാവുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *