പ്രധാനമന്ത്രി ഭരണഘടനയെ വെല്ലുവിളിക്കുന്നു: കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: കേരളത്തിലും ത്രിപുര ആവര്‍ത്തിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രഖ്യാപനം കേരള ജനതയോടുള്ള വെല്ലുവിളിയാണെന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളെ അപലപിക്കുന്ന പ്രധാനമന്ത്രി ഭരണഘടനയെത്തന്നെ വെല്ലുവിളിക്കുകയാണ്. സുപ്രിംകോടതി വിധി ഭരണഘടന ബെഞ്ചിന്റേതാണ്. ആ വിധിയെ ബി.ജെ.പിയുടെ ദേശീയ നേതൃത്വം സ്വാഗതം ചെയ്തതാണ്. എന്നാല്‍, ആ വിധിക്കെതിരെയാണ് കേരളത്തിലെ ബി.ജെ.പിയുടെ സമരമെന്നും കാനംപ്രസ്താനയില്‍ പറഞ്ഞു.

ശബരിമല വിഷയത്തില്‍ ബിജെപി ദേശീയ നേതൃത്വത്തിന് ഒപ്പമാണോ, കേരള നേതാക്കള്‍ക്ക് ഒപ്പമാണോയെന്ന് നരേന്ദ്രമോഡി വ്യക്തമാക്കണം. ഡല്‍ഹയില്‍ ഒന്നുപറയുകയും കേരളത്തില്‍ വന്ന് മറ്റൊന്നു പറയുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ്. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ പാടില്ലെന്നാണ് പ്രധാനമന്ത്രിയുടെ നിലപാടെങ്കില്‍ നിയമംവഴി അതിന് പരിഹാരം കാണുകയാണ് വേണ്ടത്. സംസ്ഥാന സര്‍ക്കാരിനെ കുറ്റം പറഞ്ഞ് വിശ്വാസികള്‍ക്ക് എതിരാണ് ഇടതുമുന്നണി സര്‍ക്കാരെന്ന് വരുത്തി തീര്‍ക്കാനാണ് പ്രധാനമന്ത്രി ശ്രമിച്ചത്.

നിയമസഭ തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന്റെയും കേരളത്തില്‍ ശബരിമല വിഷയത്തില്‍ ബിജെപി നടത്തുന്ന അനിശ്ചിതകാല ഉപവാസം പരാജയപ്പെട്ടതിന്റെയും ജാള്യത മറയ്ക്കാനാണ് പ്രധാനമന്ത്രി, ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റിനുമേല്‍ കുതിര കയറുന്നത്. രാഷ്ട്രീയ കേരളത്തിന്റെ കഴിഞ്ഞകാല ചരിത്രം പഠിക്കാതെ ആരോ പറഞ്ഞുകൊടുത്ത വിവരത്തിന്റെ പിന്‍ബലത്തില്‍ കേരളത്തില്‍ ബി.ജെ.പി ഭരണത്തിലെത്തുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഈ വര്‍ഷത്തെ ഏറ്റവും വലിയ തമാശയാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *