ആലപ്പാട് സമരസമിതിയുമായി മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ആലപ്പാട്ട് കരിമണല്‍ ഖനനത്തിനെതിരെ സമരം നടത്തുന്ന ജനങ്ങളുടെ വികാരം മനസിലാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമരസമിതിയുമായി മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തണമെന്നും സമരത്തില്‍ രാഷ്ട്രീയം കലര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

അതേസമയം ആലപ്പാട് പഞ്ചായത്തിലെ കരിമണല്‍ ഖനനത്തിന്റെ ഭാഗമായുള്ള സീ വാഷിങ് നിര്‍ത്തിവെക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഒരു മാസത്തേക്കാണ് നിര്‍ത്തി വെക്കുന്നത്. വിദഗ്ധ സമിതി റിപ്പോര്‍ട്ട് വരുന്നതുവരെ സീ വാഷിങ് നിര്‍ത്തിവെക്കാനാണ് തീരുമാനമായത്. എന്നാല്‍ ഇന്‍ലാന്‍ഡ് വാഷിങ് തുടരും. ആലപ്പാട് തീരത്തെ കടല്‍ഭിത്തി ശക്തിപ്പെടുത്താനും തീരുമാനമായിട്ടുണ്ട്.

സമരസമിതി പ്രവര്‍ത്തകരുമായി തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനങ്ങള്‍ ഉണ്ടായിരിക്കുന്നത്. മന്ത്രി ഇ.പി ജയരാജനാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

അതേസമയം സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സമരസമിതി വ്യക്തമാക്കി ഖനനമാണ് നിര്‍ത്തേണ്ടത്. ഖനനം നിര്‍ത്തില്ലെങ്കില്‍ മരണം വരെ സമരം ചെയ്യും. സര്‍ക്കാറിന് ജനത്തേക്കാള്‍ വലുത് വ്യവസായമാണെന്നും സമരസമിതി ആരോപിച്ചിരുന്നു

എന്നാല്‍ പ്രധാന ആവശ്യമായ സീ വാഷിങ് നിര്‍ത്തണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചുവെന്നും അതിനാല്‍ സമരം അവസാനിപ്പിക്കണമെന്നും മന്ത്രി ഇ.പി ജയരാജന്‍ സമരസമിതിയോട് ആവശ്യപ്പെട്ടു സമരസമിതി ഈ ആവശ്യം തള്ളി സമരവുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *