ശബരിമല ദര്‍ശനത്തിനായി രേഷ്മയും ഷാനിലയും വീണ്ടുമെത്തി; കടത്തിവിടാതെ മടക്കി അയച്ച്‌ പോലീസ്

നിലയ്ക്കല്‍: ശബരിമല ദര്‍ശനത്തിനായി രേഷ്മയും ഷാനിലയും വീണ്ടുമെത്തി. എന്നാല്‍ പോലീസ് കടത്തിവിടാതെ മടക്കി അയച്ചു. നിലയ്ക്കലില്‍നിന്നാണ് പോലീസിന്റെ ഇടപെടലിലൂടെ യുവതികളെ തിരിച്ചയച്ചത്. ശനിയാഴ്ച പുലര്‍ച്ചെ 5.15ന് ആണ് ഇവര്‍ ഉള്‍പ്പെടുന്ന എട്ടംഗ സംഘം എത്തിയത്. അപ്പോള്‍ പ്രതിഷേധക്കാര്‍ ആരും അവിടെ ഉണ്ടായിരുന്നില്ല. എന്നാല്‍ പമ്ബ മുതല്‍ സന്നിധാനം വരെ ശബരിമല കര്‍മസമിതി പ്രവര്‍ത്തകരും വലിയ സംഘം തീര്‍ഥാടകരും തടയാനായി കാത്തു നിന്നു.

ഇവരെ പമ്ബയില്‍നിന്നു സന്നിധാനത്തേക്കു കൊണ്ടുപോകാന്‍ തയാറായാല്‍ വലിയ ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്നു പോലീസിനു വിവരം ലഭിച്ചു. നിലയ്ക്കല്‍ പോലീസ് സ്‌പെഷല്‍ ഓഫിസര്‍ ജമാലുദീന്‍ ഇവരുമായി ചര്‍ച്ച നടത്തി. പമ്ബയിലെയും സന്നിധാനം വരെയുള്ള പാതയിലെയും സാഹചര്യങ്ങള്‍ പറഞ്ഞു മനസിലാക്കി.

എന്നാല്‍ സന്നിധാനത്തേക്കു പോയേ പറ്റുവെന്ന നിലപാടില്‍ യുവതികള്‍ ഉറച്ചു നിന്നു. അതോടെ വേണമെങ്കില്‍ പമ്ബ വരെ കൊണ്ടുപോകാമെന്നും തീര്‍ഥാടകര്‍ തടഞ്ഞാല്‍ അവരെ നീക്കി മുന്നോട്ടു പോകുക ബുദ്ധിമുട്ടാണെന്നും അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ തടയുന്ന ഭാഗത്തുനിന്നു തിരിച്ചു പോരണമെന്നും പോലീസ് അറിയിച്ചു. അത് അവര്‍ക്ക് സ്വീകാര്യമായില്ല. തുടര്‍ന്നു ഡിജിപിയെ വിവരം അറിയിച്ചശേഷമാണ് ഇവരെ തിരിച്ചയയ്ക്കാന്‍ തീരുമാനിച്ചത്. അതേസമയം, യുവതികള്‍ എത്തിയ പശ്ചാത്തലത്തില്‍ പമ്ബ ഉള്‍പ്പെടെയുള്ള മേഖലകളില്‍ പോലീസ് സുരക്ഷ ശക്തമാക്കി.

പുലര്‍ച്ചെ നിലയ്ക്കലില്‍ എത്തിയ ഇവരെ പോലീസ് തടഞ്ഞ് കണ്‍ട്രോള്‍ റൂമിലേക്കു മാറ്റി. വ്രതം എടുത്താണു ദര്‍ശനത്തിനു വന്നതെന്നും പിന്‍മാറാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇവര്‍ പോലീസിനെ അറിയിച്ചു. തുടര്‍ന്നു നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ യുവതികള്‍ പിന്‍മാറാന്‍ തീരുമാനിച്ചെന്നും ഇതോടെ ഇവരെ എരുമേലിയിലേക്കു മടക്കി അയച്ചതായും പോലീസ് അറിയിച്ചു. 

അതേസമയം ശനിയാഴ്ച ദര്‍ശനം സാധ്യമാക്കാമെന്ന ഉറപ്പ് പോലീസ് ലംഘിച്ചെന്നു യുവതികള്‍ക്കൊപ്പം മലകയറാനെത്തിയ ‘നവോത്ഥാന കേരളം ശബരിമലയിലേക്ക്’ എന്ന ഫെയ്‌സ്ബുക് ഗ്രൂപ്പിന്റെ പ്രതിനിധി ശ്രേയസ് പറഞ്ഞു.

”ഭരണപക്ഷത്തെ ഒരു നേതാവ് ഉള്‍പ്പെടെയുളളവര്‍ ഇതിനു പിന്തുണ നല്‍കാമെന്ന് അറിയിച്ചെങ്കിലും അത് ഉണ്ടായില്ല. നിലയ്ക്കലില്‍ എത്തിയപ്പോള്‍ തന്നെ പോലീസ് തടയുകയും സാധാരണ ചെയ്യും പോലെ വേണമെങ്കില്‍ കൊണ്ടു പോകാം എന്നാല്‍ പ്രതിഷേധമുണ്ടാകുമെങ്കില്‍ തിരിച്ചു പോകേണ്ടി വരുമെന്നും പറഞ്ഞു. ഒടുവില്‍ മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. കൂടുതല്‍ യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ശനിയാഴ്ച ശ്രമിക്കും.” എന്നും ശ്രേയസ് വെളിപ്പെടുത്തി.

യുവതികള്‍ ശബരിമലയില്‍ എത്തുന്നതു തടയാന്‍ കര്‍മസമിതി പ്രവര്‍ത്തകര്‍ ശ്രമിക്കുമ്ബോള്‍ അവരെ തടയാനാണു സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നു ശ്രേയസ് പറഞ്ഞു. ശബരിമലയില്‍ ദര്‍ശനത്തിനെത്താന്‍ ശ്രമിക്കുന്ന യുവതികളെ സുരക്ഷയോടെ വീട്ടിലെത്തിക്കാന്‍ പോലീസ് നടത്തുന്ന ശ്രമം മാത്രം മതി അവരെ ശബരിമലയില്‍ എത്തിക്കാന്‍. അതേസമയം ശബരിമലയില്‍ എത്താന്‍ സൗകര്യമൊരുക്കാമെന്നു പറഞ്ഞ ഭരണപക്ഷത്തെ നേതാവിനെക്കുറിച്ചു വെളിപ്പെടുത്താനാകില്ലെന്നും ശ്രേയസ് വിശദീകരിച്ചു.

ബുധനാഴ്ചയും ഇവര്‍ ദര്‍ശനത്തിനെത്തിയിരുന്നു. മലകയറ്റം ആരംഭിച്ച ഇവരെ നീലിമലയ്ക്കു സമീപം പ്രതിഷേധവുമായെത്തിയവര്‍ തടയുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഇടപെട്ടു മടക്കി അയയ്ക്കുകയായിരുന്നു. 41 ദിവസം വ്രതവുമായി ശബരിമല കയറുമെന്ന് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചതിനു പിന്നാലെ രേഷ്മയ്‌ക്കെതിരെ ഭീഷണി ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് നല്‍കിയ പരാതി പരിഗണിച്ച്‌ രേഷ്മയുടെ വീട്ടുപരിസരത്ത് പോലീസ് ഏര്‍പ്പെടുത്തിയ സുരക്ഷ തുടരുകയാണ്.

കഴിഞ്ഞ ബുധനാഴ്ചയും ഇവര്‍ മലകയാറാനായി എത്തിയിരുന്നു. പമ്ബയില്‍ നിന്നും യാത്ര തുടര്‍ന്നപ്പോള്‍ തന്നെ പ്രതിഷേധക്കാര്‍ യുവതികളെ തടഞ്ഞിരുന്നു. അന്യ സംസ്ഥാനത്ത് നിന്നും എത്തിയ ഭക്തരുടെ നേതൃത്വത്തിലാണ് അന്ന് യുവതികളെ തടഞ്ഞത്, ഈ സംഭവം പോലീസിനെ ഞെട്ടിച്ചിരുന്നു. 

അന്യസംസ്ഥാനത്ത് നിന്നും വരുന്ന ഭക്തര്‍ക്കെതിരെ ബലപ്രയോഗമടക്കമുള്ള നടപടിയിലേക്ക് പോലീസ് തിരിഞ്ഞാല്‍ സംഘര്‍ഷം അയല്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിക്കും എന്ന മുന്നറിയിപ്പുള്ളതിനാല്‍ പോലീസ് തന്ത്രപരമായി യുവതികളെ പിന്തിരിപ്പിക്കുകയായിരുന്നു. എന്നാല്‍ പോലീസ് തങ്ങളെ പറ്റിക്കുകയായിരുന്നു എന്ന് രേഷ്മ പിന്നീട് ആരോപിച്ചിരുന്നു.

ഇതിനെ തുടര്‍ന്നാണ് യുവതികള്‍ ശനിയാഴ്ച പുലര്‍ച്ചെ വീണ്ടും ശബരിമല ദര്‍ശനത്തിനായി എത്തിയത്. എന്നാല്‍ നിലയ്ക്കലില്‍ വച്ചുതന്നെ ഇവരെ പോലീസ് കാര്യങ്ങള്‍ ധരിപ്പിച്ച്‌ പിന്തിരിപ്പിക്കുകയായിരുന്നു. മല കയറാന്‍ ശ്രമിച്ചാല്‍ വന്‍ പ്രതിഷേധമുണ്ടാകുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുകയും സുരക്ഷ നല്‍കാന്‍ കഴിയില്ലെന്ന് വിശദീകരിക്കുകയുമായിരുന്നു. തുടര്‍ന്ന് യുവതികളെ പോലീസ് നിലയ്ക്കലില്‍നിന്ന് എരുമേലിയിലേക്കു മടക്കി അയക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *