മലയാളി വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; ഡ്രൈവറും കൂട്ടാളിയും അറസ്റ്റില്‍

ദമാം: ട്യൂഷന്‍ ക്ലാസില്‍ പോയ മലയാളി വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയ ഊബര്‍ ഡ്രൈവറെയും സഹായിയായ യെമന്‍ പൗരനെയും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്നത് സൗദിയില്‍ ആണ്.

ദമാം ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായ കണ്ണൂര്‍ സ്വദേശിയെയാണ് ട്യൂഷന്‍ ക്ലാസില്‍ പോയി തിരിച്ചുവരുന്നതിനിടെ തട്ടിക്കൊണ്ടുപോയത്. സാധാരണ പിതാവാണ് ട്യൂഷന്‍ ക്ലാസില്‍ കൊണ്ടുവിടുന്നതെങ്കിലും അദ്ദേഹത്തിന് തിരക്കായതിനാല്‍ ഊബറില്‍ വരാന്‍ കുട്ടിയോട് നിര്‍ദേശിക്കുകയായിരുന്നു.

ഇതനുസരിച്ച്‌ കുട്ടി ഊബര്‍ ടാക്‌സിയില്‍ കയറി. എന്നാല്‍ ഡ്രൈവര്‍ യാത്രാമധ്യേ റാക്കയില്‍വെച്ച്‌ യെമന്‍ പൗരനെ കൂടി വാഹനത്തില്‍ കയറ്റി വഴി തിരിച്ചുവിട്ടു. വിദ്യാര്‍ത്ഥി ഇത് ചോദ്യം ചെയ്തതോടെ മര്‍ദനം തുടങ്ങി.

കുട്ടി ഉച്ചത്തില്‍ ബഹളം വെച്ചതോടെ എയര്‍പോര്‍ട്ട് റോഡില്‍ ആളൊഴിഞ്ഞ സ്ഥലത്ത് തള്ളിയിട്ട് സ്ഥലം വിടുകയായിരുന്നു. ഇതുവഴി വന്ന മറ്റൊരു സൗദി സ്വദേശിയാണ് കുട്ടിയെ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്.

തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളുടെയും കുട്ടിയും ഊബര്‍ കമ്ബനിയും നല്‍കിയ വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ അല്‍ബാഹയിലുള്ള സ്വദേശി പൗരനെയും പിന്നീട് യെമന്‍ പൗരനെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *