തേന്‍പുരട്ടിയ പാഷാണം; കേന്ദ്രബജറ്റിനെ വിമര്‍ശിച്ച്‌ വി.എസ് അച്യുതാനന്ദന്‍

തിരുവനന്തപും: കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച്‌ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍ രംഗത്ത്. തേന്‍പുരട്ടിയ പാഷാണമാണ് ബജറ്റെന്നാണ് വി.എസ് പറഞ്ഞത്.

അപൂര്‍ണവും അവ്യക്തവുമായ കണക്കുകള്‍ ഉള്‍പ്പെടുത്തി കെട്ടിപ്പൊക്കിയ തലകീഴായ പിരമിഡാണ് ബജറ്റെന്നും കര്‍ഷകര്‍ക്കു വേണ്ടി എന്തോ ചെയ്ത കൂട്ടിയെന്ന മിഥ്യാധാരണ സൃഷ്ടിക്കുവാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ബജറ്റിനെ വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഇടക്കാല ബജറ്റില്‍ കേരളത്തിന് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്നായിരുന്നു മുഖ്യമന്ത്രി ആരോപിച്ചത്.

ബജറ്റില്‍ പ്രളയക്കെടുതിയെ അതിജീവിക്കാനും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താനും കേരളത്തിന് പ്രത്യേക പാക്കേജ് ലഭ്യമാക്കിയില്ലെന്നും സംസ്ഥാനത്തെ കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കാനോ പുതിയ പദ്ധതികള്‍ ആരംഭിക്കാനോ ബജറ്റില്‍ നിര്‍ദേശമില്ലെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചിരുന്നു. പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുള്ള ഇടക്കാല ബജറ്റായിട്ടു പോലും കേരളത്തെ അവഗണിച്ച കേന്ദ്രബജറ്റ് നിരാശാജനകമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *