തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഏറ്രവുമധികം വിജയസാദ്ധ്യതയുള്ള മൂന്നു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ തങ്ങള്‍ നിശ്ചയിച്ചുകൊള്ളാമെന്ന് കേരള ഘടകത്തെ ബി.ജെ.പി കേന്ദ്ര നേതൃത്വം അറിയിച്ചതായി വിവരം. പാര്‍ട്ടി ഇക്കുറി വിജയിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് കണക്കുകൂട്ടുന്ന തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാകും ദേശീയ നേതൃത്വം തീരുമാനിക്കുക. മറ്ര് സീറ്രുകളിലെ സ്ഥാനാര്‍ത്ഥികളെ സംസ്ഥാന നേതൃത്വം തീരുമാനിച്ച ശേഷം ദേശീയ നേതൃത്വത്തെ അറിയിക്കും. ഈ മൂന്ന് സീറ്റുകളിലും പല പേരുകളും പറഞ്ഞുകേള്‍ക്കുന്നുണ്ടെങ്കിലും വിജയ സാദ്ധ്യതയുള്ള മൂന്നുപേരെ ദേശീയ നേതൃത്വം കണ്ടുവച്ചിട്ടുണ്ടെന്നാണ് സൂചന.
കഴിഞ്ഞ തവണ 15,000 വോട്ടിന് രണ്ടാം സ്ഥാനത്തായ തിരുവനന്തപുരം മണ്ഡലത്തില്‍ ഇക്കുറി വിജയസാദ്ധ്യത ഏറെയാണെന്നാണ് ബി.ജെ.പി വിലയിരുത്തല്‍. ഇതോടൊപ്പം ശബരിമല പ്രക്ഷോഭം ഏറ്രവുമധികം സ്വാധീനം ചെലുത്തിയ പത്തനംതിട്ട മണ്ഡലം, നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍തോതില്‍ വോട്ടുനേടുകയും ശബരിമല പ്രക്ഷോഭത്തിന് നല്ല പ്രതികരണം ലഭിക്കുകയും ചെയ്ത തൃശൂര്‍ എന്നിവിടങ്ങളിലും ഇക്കുറി വിജയിച്ച് കയറുക എന്ന ലക്ഷ്യത്തോടെയാണ് പാര്‍ട്ടി നീങ്ങുന്നത്. പാര്‍ട്ടി ദേശീയ നേതൃത്വം നിയോഗിച്ച പ്രത്യേകം സംഘം നടത്തിയ സര്‍വേയിലും ഈ മൂന്നു സീറ്രുകളില്‍ നല്ല വിജയസാദ്ധ്യതയാണ് വിലയിരുത്തുന്നത്. ഇവിടെ ഏത് സ്ഥാനാര്‍ത്ഥികള്‍ക്കാണ് വിജയ സാദ്ധ്യത എന്നതും സര്‍വേ സംഘം കണ്ടെത്തിയിട്ടുണ്ട് . ഇതുകൂടി കണക്കിലെടുത്ത് സംസ്ഥാനത്തെ വിവിധ മേഖലകളിലുള്ളവരുമായി അനൗപചാരിക കൂടിക്കാഴ്ച നടത്തിയാവും സ്ഥാനാര്‍ത്ഥി നിര്‍ണയം ദേശീയ നേതൃത്വം നടത്തുക.
ഈ മണ്ഡലങ്ങളില്‍ പ്രമുഖ ദേശീയ നേതാക്കളെ കൊണ്ടുവന്ന് തുടക്കം മുതല്‍ പ്രചാരണത്തില്‍ മുന്‍കൈ നേടാനും ബി.ജെ.പി നീക്കമുണ്ട്. ഇതിന്റെ ഭാഗമായി ഈ മാസം 14 നോ 15 നോ യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് പത്തനംതിട്ടയില്‍ ബി.ജെ.പി റാലിയില്‍ പങ്കെടുക്കും. തിരുവനന്തപുരത്തെ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ പങ്കെടുക്കാന്‍ സാദ്ധ്യതയുണ്ട്. തൃശൂരില്‍ മോദി ജനുവരി 27ന് റാലിയില്‍ പങ്കെടുത്തിരുന്നു. കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍, നടന്‍ മോഹന്‍ലാല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍, ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല തുടങ്ങിയവരൊക്കെ ഈ മൂന്ന് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളായി പരിഗണിക്കുന്നുണ്ടെന്നാണ് സൂചന.
അതേസമയം ആറ്രിങ്ങല്‍, കൊല്ലം, മാവേലിക്കര, പാലക്കാട്, കാസര്‍കോട് മണ്ഡലങ്ങളിലും ശക്തമായ മത്സരം കാഴ്ചവയ്ക്കാന്‍ കഴിയുമെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ വിശ്വാസം. ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന ബി.ജെ.പി കോര്‍കമ്മിറ്രി യോഗം സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച പ്രാഥമിക ചര്‍ച്ച നടത്തിയതായാണ് സൂചന. കേന്ദ്ര ബഡ്ജറ്റിലെ ആദായ നികുതി പരിധി കൂട്ടിയതും അസംഘടിത തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ പ്രഖ്യാപിച്ചതും കര്‍ഷകര്‍ക്ക് ധനസഹായം പ്രഖ്യാപിച്ചതും തങ്ങള്‍ക്കനുകൂലമായ അന്തരീക്ഷമുണ്ടാക്കിയിട്ടുണ്ടെന്നാണ് ബി.ജെ.പി നേതാക്കളുടെ വിലയിരുത്തല്‍. അതിനനുസരിച്ച് പ്രചാരണ തന്ത്രങ്ങള്‍ക്ക് രൂപംനല്‍കി ഇക്കുറി കേരളത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ബി.ജെ.പി നീങ്ങുന്നത്.
