പ്രകാശം: സഹപാഠിയുമായുള്ള പ്രണയബന്ധത്തിന്റെ പേരില്‍ പിതാവ് വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തി. ആന്ധ്രാ പ്രദേശിലെ പ്രകാശം ജില്ലയിലാണ് സംഭവം. വൈഷ്ണവി എന്ന ഇരുപതുകാരിയാണു തിങ്കളാഴ്ച കൊല്ലപ്പെട്ടത്.
അയല്‍വാസികളാണ് വീട്ടില്‍ വൈഷ്ണവിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വൈഷ്ണവിയുടെ പിതാവ് വെങ്ക റെഡ്ഡിയെ പോലീസ് കസ്റ്റഡിയിലെടുത്തു. സഹപാഠിയുമായുള്ള ബന്ധത്തിന്റെ പേരില്‍ തര്‍ക്കം ഉടലെടുക്കുകയും വൈഷ്ണവിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നെന്നാണ് പോലീസ് സംശയിക്കുന്നത്. റെഡ്ഡിയെ പോലീസ് ചോദ്യം ചെയ്യുകയാണ്.
കൊലക്കേസ് രജിസ്റ്റര്‍ ചെയ്തതായും ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ കുറ്റം ചുമത്തുമെന്നും പോലീസ് അറിയിച്ചു.
വൈഷ്ണവിയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന യുവാവ് താഴ്ന്ന ജാതിയില്‍ പെട്ടയാളാണ്. ഇയാളുമായി കൂടിക്കാഴ്ച നടത്തരുതെന്ന് പിതാവ് പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും പെണ്‍കുട്ടി ഇത് നിരസിച്ചിരുന്നു. യുവാവിനൊപ്പം ഒളിച്ചോടാന്‍ പെണ്‍കുട്ടി പദ്ധതിയിട്ടിരുന്നതായും പിതാവ് സംശയിച്ചിരുന്നു. ഇതാണ് കൊലപാതകത്തിലേക്കു നയിച്ചത്.
