അബുദാബി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇന്നത്തെ ദിവ്യബലിയില്‍ പങ്കെടുക്കാന്‍ പതിനായിരങ്ങള്‍ അബുദാബിയില്‍ എത്തി. സഈദ് സ്പോര്‍ട്സ് സിറ്റിയിലെ വിശുദ്ധ കുര്‍ബാനയ്ക്കു മുന്‍പായി പാപ്പാ മൊബീല്‍ വാഹനത്തില്‍ മാര്‍പാപ്പ സ്റ്റേഡിയത്തില്‍ ജനക്കൂട്ടത്തിനിടയിലൂടെയെത്തി ആശിര്‍വാദം നല്‍കും.
ഭൂരിപക്ഷം പേര്‍ക്കും തൊട്ടടുത്തു കാണാവുന്ന തരത്തില്‍ സ്റ്റേഡിയത്തിനുള്ളിലൂടെ പ്രത്യേകം തയാറാക്കിയ പാതകളിലൂടെയാകും മാര്‍പാപ്പ വരുക. പത്തു ലക്ഷത്തോളം ആളുകള്‍ മാര്‍പാപ്പയെ കാണാന്‍ താത്പര്യം പ്രകടിപ്പിച്ചെങ്കിലും സ്ഥല പരിമിതി മൂലം 1,35,000 പേര്‍ക്കാണ് പാസ് നല്‍കിയിട്ടുള്ളത്. മുഴുവനാളുകള്‍ക്കും വിവിധ കേന്ദ്രങ്ങളില്‍ നിന്ന് സ്റ്റേഡിയത്തിലേക്കെത്താന്‍ യുഎഇ സര്‍ക്കാര്‍ നൂറുകണക്കിന് ബസുകള്‍ സൗജന്യമായി ഒരുക്കിയിട്ടുണ്ട്.
കുര്‍ബാനയില്‍ പങ്കെടുക്കാനുള്ള പാസും ട്രാന്‍സ്പോര്‍ട്ട് ടിക്കറ്റും ഇല്ലാത്തവരെ പ്രവേശിപ്പിക്കില്ല. രണ്ടു വയസിനു മുകളിലുള്ള എല്ലാവര്ക്കും ടിക്കറ്റും പാസും നിര്‍ബന്ധമാണ്. ദിവ്യബലിയില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് യുഎഇ സര്‍ക്കാരിന്റെ കര്‍ശന സുരക്ഷാ പരിശോധന ഉണ്ടായിരിക്കും. പൊതുസുരക്ഷയ്ക്കു ഭീഷണിയോ ഹാനികരമോ ആകാവുന്ന ഒന്നും സ്റ്റേഡിയത്തില്‍ അനുവദിക്കില്ല.
ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ന് അബുദാബിയില്‍ അര്‍പ്പിക്കുന്ന ദിവ്യബലി രാവിലെ 10 മുതല്‍ www.uaepapalvisit.org എന്ന വെബ്സൈറ്റില്‍ സജീവസംപ്രേഷണം (ലൈവ് സ്ട്രീമിംഗ്) ചെയ്യും. ദിവ്യബലി അര്‍പ്പിക്കുന്ന സഈദ് സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തിലേക്കു വരുന്നതിനു മുന്‍പായി അബുദാബി സെന്റ് ജോസഫ്സ് കത്തീഡ്രലില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശനം നടത്തും.
