തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരനെതിരെ എഐ ഗ്രൂപ്പുകളുടെ സംയുക്ത യോഗം. മന്ത്രി കെ.സി.ജോസഫിന്റെ ഔദ്യോഗിക വസതിയായി കവടിയാര്‍ ഹൗസിലാണ് യോഗം നടന്നത്. ഇരു ഗ്രൂപ്പിലേയും മുതിര്‍ന്ന നേതാക്കളായ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സുധാകരന്‍, വി.ഡി.സതീശന്‍, തമ്പാനൂര്‍ രവി, ബെന്നി ബഹനാന്‍, എം.എം.ഹസന്‍, തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. കെ.സി.ജോസഫിന്റെ അധ്യക്ഷതയിലാണ് യോഗം നടന്നത്. തെരഞ്ഞെടുപ്പ് സമതി ചേരാനിരിക്കെയാണ് യോഗം എന്നതും ശ്രദ്ധേയമാണ്. സിറ്റിംഗ് എംഎല്‍എമാര്‍ക്ക് സീറ്റ് ഉറപ്പിക്കുന്നതിനും ചില സീറ്റുകള്‍ പരസ്പരം വച്ചുമാറുന്നതടക്കമുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്‌തെന്നും റിപ്പോര്‍ട്ടുണ്ട്. അടുത്തിടെ റവന്യൂ വകുപ്പിനും സര്‍ക്കാരിനുമെതിരെ സുധീരന്‍ സ്വീകരിച്ച നിലപാടുകള്‍ ഗ്രൂപ്പ് യോഗത്തില്‍ ചര്‍ച്ച ചെയ്തു. സുധീരന്റെ ഇടപെടലുകളില്‍ ഇരു ഗ്രൂപ്പുകള്‍ക്കും കടുത്ത അതൃപ്തിയാണ്. മന്ത്രിമാര്‍ ഇക്കാര്യം മുഖ്യമന്ത്രിയെ കണ്ട് പരാതിപ്പെടുകയും ചെയ്തിരുന്നു. നേതൃനിരയിലേയ്ക്ക് ഉമ്മന്‍ ചാണ്ടിയ്ക്കും രമേശ് ചെന്നിത്തലയ്ക്കും പുറമേ സുധീരനും കൂടി ഉയര്‍ന്നു വരുന്നതില്‍ ഗ്രൂപ്പകള്‍ അസ്വസ്ഥരാണ്. സുധീരന്‍ പാര്‍ട്ടിയില്‍ പിടിമുറുക്കുന്നത് ഒഴിവാക്കാന്‍ ഒന്നിച്ചു നീങ്ങാന്‍ നേരത്തെ ഇരു ഗ്രൂപ്പുകളും യോഗം ചേര്‍ന്നു തീരുമാനിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ സുധീരന്‍ അനുകൂലികള്‍ക്ക് കൂടുതല്‍ സീറ്റ് ലഭിക്കാതിരിക്കാന്‍ ഒന്നിച്ചു നീങ്ങാനും നേതാക്കള്‍ തീരുമാനിച്ചു. സുധീരനെ കൂടുതല്‍ സ്വതന്ത്രനാക്കി വിടുന്നത് അപകടമാണെന്ന് അറിയാവുന്ന ഗ്രൂപ്പുകള്‍ ഹൈക്കമാന്റിനെ കൂടി ഇതില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള നീക്കങ്ങള്‍ക്കാണ് ശ്രമം തുടരുന്നത്. ഇരു ഗ്രൂപ്പുകളും സീറ്റ് വീതം വച്ചെടുക്കുന്ന നിലപാടിനെതിരെ സുധീരന്‍ നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. സീറ്റ് വിഭജനത്തില്‍ സുധീരന്‍ ഇടപെടുമെന്ന് ഉറപ്പാണ്. ഇതിനു തടയിടാന്‍ എങ്ങനെ നീങ്ങാമെന്ന് യോഗം ചര്‍ച്ച ചെയ്തു. യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പങ്കെടുത്തില്ല.
