ന്യൂഡല്‍ഹി: ശബരിമല കേസില്‍ അയ്യപ്പ ഭക്തരുടെ ദേശീയ കൂട്ടായ്‌മക്ക് പറയാനുള്ളത് വീണ്ടും കേള്‍ക്കാമെന്ന് ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വ്യക്തമാക്കി. തങ്ങളുടെ ഭാഗം കേട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയപ്പോഴാണ് ചീഫ്ജസ്റ്റിസ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതുവരെ പറഞ്ഞതിനു പുറമെ പുതിയ കാര്യങ്ങള്‍ പറയാനുണ്ടെന്നാണ് അഭിഭാഷകന്‍ മാത്യൂസ് നേടുമ്ബാറ കോടതിയില്‍ പറഞ്ഞത്. അതേസമയം, നേരത്തെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ ഇനി വാദം കേള്‍ക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. അഭിഭാഷകര്‍ക്കു വാദം എഴുതി നല്‍കാമെന്നു കോടതി ആവര്‍ത്തിച്ചു.
ഇന്നും അഭിഭാഷകന്‍ കേസ് പരാമര്‍ശിച്ചപ്പോഴായിരുന്നു സുപ്രീം കോടതിയുടെ മറുപടി.ഇന്ന് അയ്യപ്പഭക്തരുടെ ദേശീയ അസോസിയേഷനു വേണ്ടി മാത്യൂസ് നേടുമ്ബാറ വിഷയം ഉന്നയിക്കുകയായിരുന്നു. ഇതോടെയാണ് വീണ്ടും വാദം കേള്‍ക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നത്. കഴിഞ്ഞ ദിവസം ശബരിമല വിഷയത്തിലെ പുനഃപരിശോധന ഹര്‍ജികളും റിട്ട് ഹര്‍ജികളും പരിഗണിക്കണോയെന്നതില്‍ വാദം കേട്ടപ്പോള്‍ തന്നെ വാദിക്കാന്‍ അവസരം ലഭിക്കാത്തവര്‍ നിലപാടുകള്‍ എഴുതി നല്‍കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. യുവതീപ്രവേശ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെടുന്ന 56 ഹര്‍ജികളും അനുബന്ധ ഹര്‍ജികളും ഭരണഘടനാ ബെഞ്ച് തീരുമാനം പറയാന്‍ മാറ്റുകയായിരുന്നു.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് മൂന്നര മണിക്കൂറോളം വാദം കേട്ടു. വിധിയെ എതിര്‍ക്കുന്നവര്‍ക്കും അനുകൂലിക്കുന്നവര്‍ക്കും വാദങ്ങള്‍ എഴുതി നല്‍കുന്നതിന് 7 ദിവസമാണു കോടതി അനുവദിച്ചത്.എഴുതി നല്‍കുന്ന വാദങ്ങളില്‍ കഴമ്ബുണ്ടെന്ന് തോന്നിയാല്‍ വീണ്ടും തുറന്നകോടതിയില്‍ വാദത്തിന് അവസരം നല്‍കാമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വ്യക്തമാക്കി.
