ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തരമായി ഇടപെട്ടതായുള്ള വിവാദത്തില്‍ നരേന്ദ്ര മോദിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിക്ക് ഒരേസമയം കള്ളന്റെയും കാവല്‍ക്കാരന്റെയും മുഖമാണുള്ളതെന്ന് രാഹുല്‍ വിമര്‍ശിച്ചു.
റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന സത്യമാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. കോണ്‍ഗ്രസ് ഏറെ നാളായി ഇക്കാര്യം പറഞ്ഞിരുന്നതാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. വ്യോമസേനയ്ക്ക് അവകാശപ്പെട്ട 30,000 കോടി രൂപ മോദി അനില്‍ അംബാനിക്ക് കൈമാറിയതായും അദ്ദേഹം ആരോപിച്ചു. ആരോപണങ്ങളില്‍ പ്രധാനമന്ത്രി ജനങ്ങളോട് വിശദീകരണം നല്‍കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. റാഫാല്‍ ഇടപാടില്‍ പ്രതിരോധമന്ത്രാലയം കള്ളം പറയുകയാണ്. ചിദംബരത്തിനെയും വാദ്രയെയും ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ എന്തുകൊണ്ട് റഫാല്‍ ഇടപാടില്‍ അന്വേഷണം പ്രഖ്യാപിക്കുന്നില്ലെന്നും രാഹുല്‍ ചോദിച്ചു.
