പി കെ കുഞ്ഞനന്തന്റെ ആവശ്യം പരി​ഗണിക്കാമെന്ന് ​ഹൈക്കോടതി

​ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്ന സിപിഐ എം പാനൂര്‍ ഏരിയ കമ്മിറ്റി അം​ഗം പി കെ കുഞ്ഞനന്തന് ചികിത്സയുടെ ഭാഗമായി കുടുംബാം​ഗങ്ങളെ കൂടെനിര്‍ത്താന്‍ അനുമതി നല്‍കുന്നത‌് പരിഗണിക്കാമെന്ന് ഹൈക്കോടതി.

ഇതില്‍ നിലപാട് അറിയിക്കണമെന്ന് വ്യക്തമാക്കിയ കോടതി കേസ് പരി​ഗണിക്കുന്നത് ബുധനാഴ്ചയിലേക്ക് മാറ്റി. ചികിത്സ വേണ്ടതിനാല്‍ ശിക്ഷ മരവിപ്പിച്ച്‌ ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് പി കെ കുഞ്ഞനന്തന്‍ നല്‍കിയ അപേക്ഷയാണ് ഡിവിഷന്‍ ബെഞ്ച് പരി​ഗണിക്കുന്നത്. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ സ്പെഷ്യല്‍ പബ്ലിക‌് പ്രോസിക്യൂട്ടറും കാസര്‍കോട് ഡിസിസി ഭാരവാഹിയുമായിരുന്ന കെ സി ശ്രീധരന്‍ അപേക്ഷയെ എതിര്‍ത്തു. കുഞ്ഞനന്തന് പരോള്‍ ലഭിക്കുന്നുണ്ടെന്നും പാര്‍ടി പരിപാടികളില്‍ പങ്കെടുക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. എന്ത് രേഖയുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെ പറയുന്നതെന്നു കോടതി ചോദിച്ചു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഉത്തരവിറക്കാനാവില്ലെന്നും കോടതി പറഞ്ഞു.കോടതിയില്‍ മുന്‍വിധി സൃഷ്ടിക്കാനാണ് സ്പെഷ്യല്‍ പബ്ലിക‌് പ്രോസിക്യൂട്ടര്‍ ശ്രമിക്കുന്നതെന്ന് പി കെ കുഞ്ഞനന്തനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ബി രാമന്‍പിള്ള വാദിച്ചു. തടവുകാരന്‍ ഒരുവര്‍ഷം 60 ദിവസം പരോളിന് അര്‍ഹനാണ്. അടിയന്തര സാഹചര്യങ്ങളുണ്ടെങ്കില്‍ 90 ദിവസം വരെയാവാം. കുഞ്ഞനന്തന് 2015ല്‍ 55 ദിവസവും 2016ല്‍ 60 ദിവസവും 2017ല്‍ 45 ദിവസവും 2018ല്‍ 45 ദിവസവും മാത്രമാണ് പരോള്‍ നല്‍കിയത്. എന്നിട്ടും അനധികൃതമായി പരോള്‍ നല്‍കുന്നു എന്നു പ്രചരിപ്പിക്കുകയാണ്. ഈ നാലുവര്‍ഷത്തില്‍ മാത്രം 35 ദിവസമാണ് നഷ്ടപ്പെട്ടത്.

പി കെ കുഞ്ഞനന്തന്‍ പാര്‍ടി അം​ഗമാണ്. അദ്ദേഹത്തിന് എതിരായ ആരോപണങ്ങള്‍ വാക്കാലുള്ളത് മാത്രമാണ്. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കരുതെന്നും ബി രാമന്‍പിള്ള വാദിച്ചു. തുടര്‍ന്ന് കുഞ്ഞനന്തന് ചികിത്സയ‌്ക്കായി എത്ര ദിവസം വേണ്ടിവരുമെന്ന് കോടതി ചോദിച്ചു. മൂന്നുമാസം ആന്റിബയോട്ടിക‌് കഴിച്ച്‌ അണുബാധ ഇല്ലാതാക്കിയശേഷം നട്ടെല്ലിനു ശസ്ത്രക്രിയ നടത്തണമെന്നാണ് വൈദ്യോപദേശം ലഭിച്ചതെന്ന് അഭിഭാഷകന്‍ വിശദീകരിച്ചു. ഇക്കാലയളവില്‍ സഹായത്തിനായി കുടുംബത്തെ നിര്‍ത്തുന്നത് പരി​ഗണിക്കാമെന്ന‌് കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *