രാഹുലിന് കത്തെഴുതിയെന്ന് ആരോപണം

ന്യൂഡല്‍ഹി: യുവാക്കള്‍ക്കും വനിതകള്‍ക്കും അവസരം നല്‍കാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന ടി.എന്‍. പ്രതാപന്റെ നിലപാട് പൊള്ളയായിരുന്നുവെന്നു റിപ്പോര്‍ട്ടുകള്‍. കൊടുങ്ങല്ലൂര്‍ എംഎല്‍എ ആയ പ്രതാപന്‍ കയ്പമംഗലം സീറ്റ് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ന്ധിക്കു കത്തയച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നു. വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ രാഹുല്‍ ഗാന്ധി പ്രതാപന്റെ കത്ത് വായിച്ചെന്നാണു സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണത്രേ പ്രതാപന് കയ്പമംഗലം നല്‍കാന്‍ ധാരണയായത്. എന്നാല്‍ ഹൈക്കമാന്‍ഡും രാഹുല്‍ഗാന്ധിയും നിര്‍ബന്ധിച്ചതു കൊണ്ടാണ് മത്സരിക്കുന്നതെന്നായിരുന്നു ആദ്യം മത്സരിക്കാനില്ലെന്നു പറഞ്ഞ പ്രതാപന്റെ സ്ഥാനാര്‍ഥിനിര്‍ണയത്തിനു ശേഷമുള്ള പ്രതികരണം. മത്സരിക്കാനില്ലെന്നു കാട്ടി പ്രതാപന്‍ കെപിസിസിക്കു നേരത്തേ കത്തു നല്‍കിയിരുന്നു. കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍ ഈ കത്ത് സംസ്ഥാന തെരഞ്ഞെടുപ്പ് സമിതിയില്‍ വായിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണു നാലു തവണ മത്സരിച്ചവരും അഴിമതി ആരോപണം നേരിടുന്നവരും മാറി നില്‍ക്കണമെന്നു സുധീരന്‍ നിലപാട് സ്വീകരിച്ചത്. ഇതിനായി പ്രതാപന്റെ കത്ത് സുധീരന്‍ ആയുധമാക്കിയിരുന്നു. കത്തയച്ചുവെന്ന വാര്‍ത്തകള്‍ തള്ളി പ്രതാപന്‍ ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധിക്കു താന്‍ കത്ത് അയച്ചുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നു ടി.എന്‍. പ്രതാപന്‍. രാഷ്ട്രീയ ശത്രുക്കളാണ് ഇത്തരമൊരു കത്തിനെക്കുറിച്ച് പ്രചാരണം നടത്തുന്നത്. തന്നോട് നിര്‍ബന്ധമായും മത്സരിക്കണമെന്നു രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടുവെന്നും പാര്‍ട്ടി നിര്‍ദേശം അനുസരിക്കാന്‍ തനിക്കു ബാധ്യതയുണ്ടെന്നും പ്രതാപന്‍ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *