ആനയെ കാറിടിച്ചു, വേദനയില്‍ പുളഞ്ഞ ആന ഇരുന്നത് കാറിന് മുകളില്‍

ചെങ്ങന്നൂര്‍: കാറിടിച്ച്‌ ആനയ്‌ക്കും പാപ്പാനും പരിക്കേറ്റു. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. പുലിയൂര്‍ വടേക്കമുക്കിനു സമീപം കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. പെരിങ്ങിലപ്പുറം ശ്രീഭുവനേശ്വരി ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള അപ്പു എന്ന ആനയ്ക്കും പാപ്പാനായ തോന്നയ്‌ക്കാട് ഇലഞ്ഞിമേല്‍ മംഗലത്തേതില്‍ ഗോപിനാഥന്‍ നായര്‍ (53)നുമാണ് പരിക്കേറ്റത്. പരിക്കേറ്റ ഗോപിനാഥനെ തട്ടാരമ്ബലത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇടിയുടെ ആഘാതത്തില്‍ ആന കാറിനു മുകളിലേക്ക് ഇരുന്നുപോയി. ഇതോടെ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. തിരുവന്‍വണ്ടൂര്‍ ഗജമേളയില്‍ പങ്കെടുത്ത ശേഷം തിരികെ പെരിങ്ങിലിപ്പുറത്തേക്ക് ആനയെ നടത്തിക്കൊണ്ടു പോകുകയായിരുന്നു ഗോപിനാഥപിള്ളയും രണ്ടാം പാപ്പാന്‍ ഗോകുലും. ചെങ്ങന്നൂര്‍ ഭാഗത്തു നിന്നു വന്ന കാര്‍ നിയന്ത്രണംവിട്ട് ആനയുടെ പിന്‍ഭാഗത്ത് ഇടിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

ആനയുടെ വാലിനും വലതുകാലിനും മുറിവേറ്റു. അപകടത്തെ തുടര്‍ന്നു പുലിയൂര്‍ ക്ഷേത്രവളപ്പില്‍ തളച്ച ആനയെ ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ചീഫ് വെറ്റിറിനറി ഓഫിസര്‍ ഡോ.കെ. ഉണ്ണികൃഷ്ണന്‍ പരിശോധിച്ചു. പിന്നീട് ഇന്നലെ വൈകിട്ട് പെരിങ്ങിലിപ്പുറത്തേക്കു കൊണ്ടുപോയി. മദ്യലഹരിയിലായിരുന്ന കൊല്ലകടവ് സ്വദേശിയായ കാര്‍ ഡ്രൈവര്‍. ഇയാളെ ചെങ്ങന്നൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *