ദുബായ്: വ്രതശുദ്ധിയുടെയും സഹനത്തിന്റെയും ക്ഷമയുടെയും ചൈതന്യത്തില്‍ വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിച്ചു. യു.എ.ഇ.യില്‍ ചൊവ്വാഴ്ച പുലര്‍ച്ചെമുതല്‍ പള്ളികളിലേക്കും ഈദ്ഗാഹുകളിലേക്കും വിശ്വാസികളുടെ വന്‍ തിരക്കായിരുന്നു.
സാധാരണ വെള്ളിയാഴ്ചകളില്‍ ഇമാമുമാര്‍ ഖുതുബ നിര്‍വഹിച്ചതിന് ശേഷമാണ് നമസ്കാരം നടത്തുക. എന്നാല്‍ പെരുന്നാള്‍ ദിനത്തില്‍ നമസ്കാരം കഴിഞ്ഞാണ് ഇമാമുമാര്‍ ഖുതുബയ്ക്കായി പ്രസംഗ പീഠത്തിലേക്ക് കയറുക.
പുതുവസ്ത്രങ്ങളണിഞ്ഞും സുഗന്ധദ്രവ്യങ്ങള്‍ പൂശിയും വിശ്വാസികള്‍ ‘ഈദ് മുബാറക് ‘ ചൊല്ലി പരസ്പരം ആശ്ലേഷിച്ചു. സമ്മാനങ്ങള്‍ കൈമാറുകയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകള്‍ സന്ദര്‍ശിക്കുകയും ചെയ്തു.
