ഒരു എസ്‌ഐ ഫോണ്‍ മനപ്പൂര്‍വ്വം റെക്കോര്‍ഡ് ചെയ്ത് പുറത്തുവിട്ടത് നിസ്സാരമായികാണേണ്ട-വി.ടി.ബല്‍റാം

കോഴിക്കോട്: സിപിഎം കളമശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനും കളമശേരി എസ്.ഐ അമൃത് രംഗനും തമ്മിലുള്ള ഫോണ്‍ സംഭാഷണം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാല്‍ ഇത്തരമൊരു സംഭാഷണം പുറത്തുവിട്ടത് നിസ്സാരമായി കാണേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് എംഎല്‍എയായ വി.ടി.ബല്‍റാം പറയുന്നത്.

സക്കീര്‍ ഹുസൈന്‍ എസ്‌ഐയോട് നിയമവിരുദ്ധമായി ഒന്നും ചെയ്യാന്‍ ആവശ്യപ്പെടാത്ത സ്ഥിതിക്ക് ഒരു സബ് ഇന്‍സ്‌പെക്ടര്‍ മനപൂര്‍വ്വം ഫോണ്‍ റെക്കോര്‍ഡ് ചെയ്ത് പുറത്തുവിടാന്‍ തയ്യാറായിട്ടുണ്ടെങ്കില്‍ അത് നിസ്സാരമല്ലന്നും ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥി സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് കളമശേരി എസ്‌ഐയെ സക്കീര്‍ ഹുസൈന്‍ വിളിക്കുന്നത്. ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ച സിപിഎം ഏരിയാ സെക്രട്ടറിക്ക് എസ്‌ഐ നല്‍കിയ ചുട്ട മറുപടി എന്ന നിലക്ക് ഈ ഫോണ്‍ സംഭാഷണം സാമൂഹിക മാധ്യമങ്ങളിലും വാര്‍ത്താമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു.

എന്നാല്‍ ഫോണ്‍ സംഭാഷണം മനപൂര്‍വ്വം എസ്‌ഐ പുറത്തുവിട്ടതിലുള്ള അസ്വാഭാവികത ചൂണ്ടിക്കാട്ടുകയാണ് വി.ടി.ബല്‍റാം എംഎല്‍എ.

‘ആ ഫോണ്‍ സംഭാഷണം കേട്ടിടത്തോളം അത് റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിച്ചത് ഏരിയാ സെക്രട്ടറി ആവാന്‍ വഴിയില്ല. കാരണം പഞ്ച് ഡയലോഗുകള്‍ക്ക് മുന്നില്‍ ചൂളിപ്പോവുന്നത് അയാളാണ്. തന്റെ ഔദ്യോഗിക ഫോണിലേക്ക് വന്ന ഒരു രാഷ്ട്രീയ നേതാവിന്റെ കോള്‍, അതും കാര്യമായ നിയമവിരുദ്ധ ആവശ്യങ്ങളൊന്നും ഉന്നയിക്കപ്പെടാത്ത സ്ഥിതിക്ക്, മനപൂര്‍വ്വം റെക്കോര്‍ഡ് ചെയ്ത് പുറത്തുവിടാന്‍ ഒരു സബ് ഇന്‍സ്‌പെക്ടര്‍ തയ്യാറായിട്ടുണ്ടെങ്കില്‍ അതത്ര നിസ്സാരമായി കാണേണ്ട കാര്യമല്ല.

വില്ലേജ് ഓഫീസര്‍, കൃഷി ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറി, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍, പിഡബ്ല്യുഡി അസി.എഞ്ചിനീയര്‍ എന്നിവരെയൊക്കെപ്പോലെ നിരവധി സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളിലൊന്നിലെ പ്രാദേശിക തലത്തിലെ ജൂനിയര്‍ ഉദ്യോഗസ്ഥര്‍ മാത്രമാണ് ഈ പോലീസ് എസ്‌ഐമാരും എന്ന് ഭരത് ചന്ദ്രന്മാര്‍ക്ക് കയ്യടിക്കുന്ന ജനങ്ങളും കൂടി മനസ്സിലാക്കുന്ന അവസ്ഥയെയാണ് ജനാധിപത്യം എന്ന് പറയുന്നത്. അവര്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം ഉണ്ടാവണം. എന്നാല്‍ അവര്‍ അതിമാനുഷരാണെന്ന് ധരിച്ച്‌ ആരാധിച്ചു കളയരുതെന്നും ബല്‍റാമിന്റെ പോസ്റ്റില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *