ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 370-ാം അനുച്ഛേദം എക്കാലത്തും നിലനില്‍ക്കേണ്ടതാണെന്ന അഭിപ്രായമില്ലെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. മറ്റു മതസ്ഥരുടെ ആരാധനയ്ക്ക് മുടക്കം വരാത്ത വിധത്തില്‍ അയോധ്യയില്‍ രാമക്ഷേത്രം ആവശ്യമാണെന്നും തരൂര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി അനുകൂല പ്രസ്താവനയുടെ പേരില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനു പിന്നാലെയാണ് കോണ്‍ഗ്രസിനെ വീണ്ടും വെട്ടിലാക്കി തരൂരിന്റെ പുതിയ പ്രസ്താവന.
370-ാം അനുച്ഛേദം എല്ലാ കാലത്തും അതേപടി നിലനിര്‍ത്തുന്നതിനായി വാദിക്കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്. എല്ലാ കാലത്തും നിലനിര്‍ത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നില്ല കശ്മീരിന്റെ പ്രത്യേക പദവി എന്നാണ് തന്റെ നിലപാട്. 370-ാം അനുച്ഛേദം എത്ര കാലം നിലനിര്‍ത്തേണ്ടത് ആവശ്യമാണോ അത്രയും കാലം അത് നിലനിന്നാല്‍ മതി എന്നായിരുന്നു നെഹ്‌റുവിന്റെയും കാഴ്ചപ്പാടെന്നും തരൂര്‍ ചൂണ്ടിക്കാട്ടി.
അതേസമയം, പ്രത്യേക പദവി റദ്ദാക്കുകയും ജമ്മു കശ്മീരില്‍ അത് നടപ്പാക്കുകയും ചെയ്ത രീതി ഭരണഘടനയ്ക്ക് നിരക്കുന്നതായിരുന്നില്ലെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. ഗില്‍ജിത് ബാള്‍ട്ടിസ്താനിലും പാക് അധീന കശ്മീരിലും മറ്റുമുള്ള പാകിസ്താന്റെ ചെയ്തികളോട് നമുക്ക് പ്രതിഷേധമുണ്ട്. എന്നാല്‍ അതേതരത്തിലുള്ള കാര്യങ്ങള്‍ത്തന്നെയാണ് ഇപ്പോള്‍ ജമ്മു കശ്മരില്‍ ഇന്ത്യ ചെയ്തിരിക്കുന്നതെന്നും ശശി തരൂര്‍ പറഞ്ഞു.
ലക്ഷണക്കണക്കിന് മനുഷ്യരുടെ വിശ്വാസങ്ങള്‍ മാനിക്കപ്പെടേണ്ടതാണ് എന്നാണ് തന്റെ നിലപാടെന്ന് ശശി തരൂര്‍ പറഞ്ഞു. അയോധ്യയുമായി ബന്ധപ്പെട്ട ചരിത്രം ആഴത്തില്‍ പരിശോധിച്ചാല്‍ അവിടെയൊരു ക്ഷേത്രം ഉണ്ടായിരുന്നു എന്നാണ് വ്യക്തമാകുന്നത്. അവിടുത്തെ ജനങ്ങളുടെ വിശ്വാസം അതൊരു രാക്ഷേത്രം ആയിരുന്നു എന്നാണ്. ഇതുമായി ബന്ധപ്പെട്ട് ആഴമേറിയ വിശ്വാസമാണ് ജനങ്ങള്‍ക്കിടയിലുള്ളത്. മറ്റു സമുദായങ്ങളുടെ ആരാധനാ സ്ഥലങ്ങള്‍ നശിപ്പിക്കാതെ അവിടൊരു ക്ഷേത്രം ആവശ്യമാണെന്നും തരൂര്‍ പറഞ്ഞു.
