സമ്പൂര്‍ണ ദ്വീപ് മണ്ഡലമായി വൈപ്പിന്‍

കൊച്ചി: പഞ്ചായത്തുകള്‍ മാത്രമടങ്ങിയ നിയമസഭ മണ്ഡലമാണ് വൈപ്പിന്റെ മറ്റൊരു പ്രത്യേകത എല്ലാം ദ്വീപുകളാണെന്നതാണ്. തിരുകൊച്ചി നിയമസഭയുടെ കാലം തൊട്ടേ ഞാറയ്ക്കല്‍ എന്ന പേരിലായിരുന്നു മണ്ഡലം. ഞാറയ്ക്കലിന്റെ ഭാഗമായിരുന്ന പഞ്ചായത്തുകളെല്ലാം പുതിയ വൈപ്പിന്റെ ഭാഗമായിട്ടുണ്ട്. ഇതിനു പുറമെ മണ്ഡല പുനര്‍നിര്‍ണത്തിനു മുമ്പ് എറണാകുളത്തിന്റെ ഭാഗമായിരുന്ന മുളവുകാട് പഞ്ചായത്തുകൂടി വൈപ്പിന്റെ ഭാഗമായതാണ് പ്രധാന കൂട്ടിചേര്‍ക്കല്‍. മുളവുകാട് കൂടി ചേര്‍ന്നതോടെയാണ് ഇതൊരു സമ്പൂര്‍ണ ദ്വീപ് മണ്ഡലമായത്. നഗരസഭകളൊന്നുമില്ലെങ്കിലും രണ്ടു താലൂക്കുകളുടെ കീഴിലുളള പ്രദേശങ്ങളാണ് മണ്ഡലത്തില്‍പെടുന്നത്. കണയന്നൂര്‍ താലൂക്കിന് കീഴിലുളള കടമക്കുടി, മുളവുകാട് പഞ്ചായത്തുകളും കൊച്ചി താലൂക്കിലെ എടവനക്കാട്, എളങ്കുന്നപ്പുഴ, കുഴുപ്പിളളി, നായരമ്പലം, ഞാറയ്ക്കല്‍, പളളിപ്പറം പഞ്ചായത്തുകളുമാണ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്. ഒരു ഉപതിരഞ്ഞെടുപ്പ് ഉള്‍പ്പെടെ 17 നിയമസഭ തിരഞ്ഞെടുപ്പുകളാണ് ഞാറയ്ക്കല്‍ മണ്ഡലത്തില്‍ ഇതുവരെ നടന്നത്. 1951 മുതല്‍ 70 വരെ ജനറല്‍ സീറ്റായിരുന്ന മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ കെ.സി.എബ്രഹാം നാലുതവണയും എം.കെ.രാഘവന്‍ ഒരു തവണയും തിരഞ്ഞെടുക്കപ്പെട്ടു. 51 ല്‍ തിരുകൊച്ചി സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് സ്വതന്ത്രനായ രാമകൃഷ്ണനായിരുന്നു. പിന്നീട് 1967 ല്‍ എ.എസ്.പുരുഷോത്തമനിലൂടെയാണ് സി.പി.എം ആദ്യം മണ്ഡലം പിടിക്കുന്നത്. 70 ല്‍ എ.കെ.രാഘവനിലൂടെ കോണ്‍ഗ്രസ് മണ്ഡലം തിരിച്ചു പിടിച്ചു. 1977 ലെ മണ്ഡലപുനര്‍നിര്‍ണയത്തോടെയാണ് ഞാറയ്ക്കല്‍ പട്ടികജാതി സംവരണ സീറ്റായത്. 77 ലെ തിരഞ്ഞെടുപ്പില്‍ ആര്‍.എസ്.പി യിലെ ടി.എ.പരമന്‍ തിരഞ്ഞെടുക്കപ്പെട്ടു. 80 ല്‍ എം.കെ.കൃഷ്ണനിലൂടെ സി.പി.എം രണ്ടാംവട്ടം മണ്ഡലം പിടിച്ചെടുത്തു. 82 ല്‍ വീണ്ടും കോണ്‍ഗ്രസ് നിലയുറപ്പിച്ചു. അക്കുറി പി.കെ.വേലായുധനായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. 87ല്‍ മണ്ഡലം ഇടതു മുന്നണി കോണ്‍ഗ്രസ്എസിനു നല്‍കി. കോണ്‍ഗ്രസ്എസിലെ കെ.കെ.മാധവനാണ് അന്ന് ജയിച്ചത്. 96 ലും 2001 ലും കോണ്‍ഗ്രസിലെ എം.എ.കുട്ടപ്പനായിരുന്നു വിജയി. 2006 ല്‍ സി.പി.എമ്മിലെ എം.കെ.പുരുഷോത്തമന്‍ 2631 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസിലെ പി.വി.ശ്രീനിജനെ ഇവിടെ തോല്‍പ്പിച്ചത്. പുതിയ മണ്ഡലം രൂപീകരിച്ചശേഷം 2009ല്‍ നടന്ന ലോക്‌സഭാ തിഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മണ്ഡലത്തില്‍ നേരിയ ഭൂരിപക്ഷം ലഭിച്ചിരുന്നു. യു.ഡി.എഫിലെ കെ.വി.തോമസിന് 48648 വോട്ടു ലഭിച്ചപ്പോല്‍ എല്‍.ഡി.എഫിലെ സിന്ധുജോയിക്ക് 48414 വോട്ടുമാണ് ലഭിച്ചത്. 234 വോട്ടിന്റെ ലീഡാണ് അന്ന് മണ്ഡലത്തില്‍ യു.ഡി.എഫ്.സ്ഥാനാര്‍ഥിക്ക് കിട്ടിയത്. 2011ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ എസ്.ശര്‍മയിലൂടെ മണ്ഡലം എല്‍.ഡി.എഫ്. നിലനിര്‍ത്തി. ആകെ പോള്‍ചെയ്ത വോട്ടിന്റെ 50.37 ശതമാനം വോട്ട് (60814) നേടിയാണ് അദ്ദേഹം വിജയിച്ചത്. തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ഥി യു.ഡി.എഫിലെ അജയ് തറയിലിന് 46.03 ശതമാനം വോട്ട് (55515) ലഭിച്ചു. ശര്‍മയുടെ ഭൂരിപക്ഷം 5242 വോട്ടായിരുന്നു. പിന്നീട് 2014 ലോകസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ പ്രൊഫ.കെ.വി.തോമസ് മണ്ഡലത്തില്‍ 9617 വോട്ടിന്റെ ലീഡാണ് നേടിയത്. അദ്ദേഹത്തിന് 49165 വോട്ടും എതിര്‍സ്ഥാനാര്‍ഥി ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസിന് 39548 വോട്ടുമാണ് ലഭിച്ചത്. മണ്ഡലത്തില്‍ ഇപ്പോള്‍ വോട്ടര്‍മാരുടെ എണ്ണം 161749 (ആണ്‍ 78697, പെണ്‍ 83052 )ആയിട്ടുണ്ട്. അന്തിമ പട്ടിക വരുമ്പോള്‍ ഇതില്‍ നേരിയ വ്യത്യാസം ഉണ്ടാകാം. കഴിഞ്ഞ മാര്‍ച്ച് ഒന്നിലെ കണക്കുപ്രകാരം മണ്ഡലത്തിലെ മൊത്തം വോട്ടര്‍മാരില്‍ 1819 വയസ് ഗ്രൂപ്പിലുള്ളത് 3158 വോട്ടര്‍മാരാണ്. 2029 പ്രായഗ്രൂപ്പിലിത് 27091 വരും. 3039 പ്രായഗ്രൂപ്പില്‍ 34515 ഉം 4049 പ്രായഗ്രൂപ്പില്‍ 38811 ഉം 5059 പ്രായഗ്രൂപ്പില്‍ 29721 ഉം 6069 പ്രായഗ്രൂപ്പില്‍ 18408 ഉം 7079 പ്രായഗ്രൂപ്പില്‍ 7755 ഉം 80ന് മുകളിലുള്ളവര്‍ 2290 ഉം ആണ്. 2011ല്‍ ഇവിടെ ഏറ്റവും കൂടുതല്‍ വോട്ട് പോള്‍ ചെയ്തത് സഹോദരന്‍ സ്മാരക എച്ച്.എസിലെ 16ാം ബൂത്തിലായിരുന്നു. അവിടെ ആകെയുള്ള 1491 വോട്ടര്‍മാരില്‍ 1233 പേരും സമ്മതിദാനാവകാശം രേഖപ്പെടുത്തി. ഏറ്റവും കുറവ് പോളിങ് നടന്നത് രണ്ടാം ബൂത്തിലെ താല്‍ക്കാലിക ഷെഡിലായിരുന്നു. ഉണ്ടായിരുന്ന 30 വോട്ടില്‍ 18 പേര്‍ മാത്രമാണ് വോട്ടു ചെയ്തത്. പോളിങ് ശതമാനത്തില്‍ മുന്നില്‍ സെന്റ് പീറ്റേഴ്‌സ് എച്ച്.എസ്.എസിലെ 137ാം ബൂത്തായിരുന്നു. 1007 വോട്ടില്‍ 837 വോട്ടും പോള്‍ ചെയ്ത് അവര്‍ 83.12 ശതമാനമെന്ന ഉയര്‍ന്ന നിലയിലെത്തി. എന്നാല്‍ എല്‍.എല്‍.സി.എച്ച്.എസിലെ 34ാം ബൂത്തില്‍ 46.55 ശതമാനം പേര്‍ മാത്രമാണ് വോട്ടുചെയ്തത്. 1508 വോട്ടര്‍മാരുള്ള അവിടെ ബൂത്തിലെത്തയിത് 702 പേര്‍ മാത്രമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *