കാന്തപുരം പൊങ്കാലയിടും

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മലബാര്‍ മേഖലയില്‍ കാന്തപുരം മുസ്്‌ല്യാര്‍ നേതൃത്വം നല്‍കുന്ന സുന്നി എ.പി.വിഭാഗം യു.ഡി.എഫിന് പൊങ്കാലയിടും. നിലവിലുള്ള യു.ഡി.എഫ് സര്‍ക്കാര്‍ എ.പി.വിഭാഗത്തെ പല മേഖലകളിലും അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ സഹായിക്കേണ്ടെന്നാണ് അവരുടെ തീരുമാനം. മലബാറില്‍ കടുത്ത മല്‍സരം നടക്കുന്ന മണ്ഡലങ്ങളില്‍ ഇടതുമുന്നണിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ എ.പി.വിഭാഗം തീരുമാനമെടുത്തതായാണ് അറിയുന്നത്. ഈ നിലപാട് പരസ്യമായി പറയില്ല. എന്നാല്‍ സംഘടനയുടെ കീഴ്ഘടകങ്ങളിലൂടെ സുന്നികള്‍ക്ക് ഈ സന്ദേശം കൈമാറും.

യു.ഡി.എഫ് സര്‍ക്കാര്‍ വിദ്യാഭ്യാസ,മതകാര്യ വിഷയങ്ങളില്‍ എ.പി.വിഭാഗത്തെ തളയുന്നതായാണ് പരാതി. വഖഫ് ബോര്‍ഡിന്റെ നിഷേധനിലപാടിനെതിരെ കഴിഞ്ഞ ദിവസം കോഴിക്കോട് അവര്‍ പ്രതിഷേധപരിപാടികളും സംഘടിപ്പിച്ചിരുന്നു. പുതിയ സംഘടനയായ കേരള മുസ്്‌ലിം ജമാഅത്തിന്റെ ബാനറില്‍ നടത്തിയ പ്രതിഷേധ സമരം എ.പി.വിഭാഗത്തിന്റെ രാഷ്ട്രീയനിലപാട് വ്യക്തമാക്കുന്നതാണ്. തെരഞ്ഞെടുപ്പ് പ്രചാരണം മുറുകുന്നതിനിടെ നടത്തിയ പ്രതിഷേധ പരിപാടി യു.ഡി.എഫിന് വ്യക്തമായ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്.

മുസ്്‌ലിം ലീഗ് കൈകാര്യം ചെയ്യുന്ന വകുപ്പുകള്‍ എ.പി.വിഭാഗത്തെ അവഗണിക്കുന്നതായി നേരത്തെ പരാതികളുണ്ട്. അവര്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കാതിരിക്കല്‍, വഖഫ് ബോര്‍ഡിന്റെ വിവിധ ആനുകൂല്യങ്ങള്‍ക്ക് പരിഗണിക്കാതിരിക്കല്‍ തുടങ്ങിയ പരാതികള്‍ നേരത്തെയുണ്ട്. ഇതേ തുടര്‍ന്ന് എ.പി.വിഭാഗം സി.പി.എം.,കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധം പുലര്‍ത്തിയാണ് പല സര്‍ക്കാര്‍ അംഗീകാരങ്ങളും നേടി വരുന്നത്. മുസ്്‌ലിം ലീഗിന്റെ നിലപാടുകളോടാണ് അവര്‍ക്ക് അതൃപ്തി കൂടുതല്‍. ഇ.കെ.വിഭാഗം സുന്നികള്‍ക്ക് വേണ്ടി മുസ്്‌ലിം ലീഗ് നിലകൊള്ളുന്നതായും തങ്ങളെ തഴയുന്നതായും പരസ്യമായി അവര്‍ നേരത്ത പരാതിപ്പെട്ടിരുന്നു.

എ.പി.വിഭാഗത്തിന്റെ എതിര്‍പ്പ് മുസ്്‌ലിം ലീഗിന്റെ മണ്ഡലങ്ങളിലാണ് കൂടുതല്‍ പ്രകടമാകുക. ലീഗിനെതിരെ തെരഞ്ഞെടുക്ക മണ്ഡലങ്ങളില്‍ ഇടത് അനുകൂല നിലപാടുകളുണ്ടാകും. കടുത്ത മല്‍സരം നടക്കുന്ന മണ്ഡലങ്ങളില്‍ ഇത് ലീഗിന്റെ വിജയസാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *