കൊച്ചി: സഭാ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വീണ്ടും കേസ്. മാര്‍ ആലഞ്ചേരിയെ കൂടാതെ മുമ്ബ് സാമ്ബത്തിക ചുമതല വഹിച്ച ഫാ. ജോഷി പുതുവക്കെതിരെയും കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസെടുത്തിട്ടുണ്ട്.
അലക്സിയന്‍ ബ്രദേഴ്സ് സഭക്ക് കൈമാറിയ ഭൂമി മറിച്ചുവിറ്റത് വഴി 50,28,000 രൂപയുടെ നഷ്ടമുണ്ടായെന്ന പരാതിയിലാണ് കോടതി നടപടി. പരാതിയില്‍ കഴമ്ബുണ്ടെന്നാണ് പ്രാഥമിക നിഗമനമെന്ന് കോടതി നിരീക്ഷിച്ചു. വഞ്ചന, ഗൂഢാലോചന അടക്കമുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. ഡിസംബര്‍ മൂന്നാം തീയതി രണ്ടു പേരോടും നേരിട്ടു ഹാജരാകന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
2016ലാണ് സീറോ മലബാര്‍ സഭക്ക് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി അലക്സിയന്‍ ബ്രദേഴ്സ് കൈമാറിയ ഒരേക്കര്‍ ഭൂമി 16 ആധാരങ്ങളിലായി മറിച്ചു വിറ്റത്. അഞ്ച് കേസുകളിലെ പരാതിയാണ് കാക്കനാട് കോടതിയുടെ പരിഗണനക്ക് വന്നത്.
ഇതില്‍ മൂന്നു പേര്‍ക്ക് 30 സെന്‍റ് ഭൂമി മറിച്ച് നല്‍കിയത് വഴി ലഭിച്ച 50,27,340 രൂപ സഭയുടെ അക്കൗണ്ടിലേക്ക് വന്നില്ല. എന്നാല്‍, ആധാരത്തില്‍ 1,12,27,340 രൂപയാണ് കാണിച്ചിട്ടുള്ളത്. കേസില്‍ അന്വേഷണ കമീഷന്‍ അധ്യക്ഷന്‍ ബെന്നി മാരാപറമ്ബിലിനെ കോടതി വിസ്തരിച്ചിരുന്നു.
