കുന്ദമംഗലത്ത് കിണറ്റില്‍ അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടതിന് പിന്നില്‍ ദുരൂഹത

കോഴിക്കോട് : കുന്ദമംഗലത്ത് കിണറ്റില്‍ അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടതിന് പിന്നില്‍ ദുരൂഹത. കീഴരിയൂര്‍ സ്വദേശിയായ നിജിനയെയും എട്ടുമാസം പ്രായമുള്ള കു​ഞ്ഞിനെയും ഭര്‍ത്താവും കുടുംബവും ചേര്‍ന്നു കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി.

സ്ത്രീധനത്തിന്‍റെ പേരില്‍ നിജിനയെ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് ആരോപണം. ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് നിജിനയുടെ സഹോദരന്‍ നിജേഷ് പറഞ്ഞു.

തിങ്കളാഴ്ചയാണ് മുപ്പതുകാരി നിജിനയേയും എട്ടു മാസം പ്രായമുള്ള കുഞ്ഞിനെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിജിനയും കുഞ്ഞും സ്വന്തം വീട്ടിലേക്ക് എത്തിയിരുന്നോ എന്നു ചോദിച്ച്‌ ഭര്‍ത്താവ് ഫോണ്‍ വിളിച്ചതാണ് സഹേദരനില്‍ സംശയം ഉളവാക്കിയത്. സാധാരണ ഒറ്റയ്ക്ക് ഇവര്‍ വീട്ടിലേക്ക് വരാറില്ല. രാത്രി വീട്ടില്‍ വച്ചു കുറച്ചു പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെന്നും അതിനാല്‍ സ്വന്തം വീട്ടിലേക്ക് വന്നിരുന്നോയെന്ന് അറിയാനാണ് ചോദിച്ചതെന്നും നിജിനയുടെ ഭര്‍ത്താവ് പറഞ്ഞു.

ഒരു മരണ ചടങ്ങില്‍ സംബന്ധിക്കാന്‍ വീട്ടില്‍ നിന്ന് എല്ലാവരും പോയതാണെന്നും അതുകഴിഞ്ഞു മടങ്ങിവീട്ടില്‍ വന്നപ്പോള്‍ ഇവരെ കണ്ടില്ലെന്നും ഭര്‍ത്താവ് പറഞ്ഞു. സഹോദരന്‍ നിരവധി തവണ തിരിച്ചു വിളിച്ചെങ്കിലും ആരും ഫോണ്‍ എടുത്തില്ല. പിന്നീട് ഇവര്‍ കിണറ്റില്‍ ചാടിയെന്ന് സഹോദരനെ നാട്ടുകാരന്‍ വിളിച്ചറിയിക്കുകയായിരുന്നു.

സുഹൃത്തുക്കളാണ് നിജിനയേയും കുഞ്ഞിനെയും ആശുപത്രിയില്‍ എത്തിച്ചത്. ഭര്‍ത്താവോ വീട്ടുകാരോ ആശുപത്രിയിലോ മറ്റു ചടങ്ങുകളില്‍ സംബന്ധിക്കാന്‍ എത്താതിരുന്നതും സംശയത്തിന് കാരണമായി. തലേ ദിവസം രാത്രി തന്നെ സംഭവം നടന്നിരിക്കാമെന്നും തെളിവു നശിപ്പിക്കാനായി ഭര്‍തൃവീട്ടുകാര്‍ യാത്രപോയതാകാമെന്നുമാണ് ബന്ധുക്കളുട സംശയം.

Leave a Reply

Your email address will not be published. Required fields are marked *