ഇടുക്കി: അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ കൊണ്ടുവരാന്‍ സംഘാടക സമിതിക്ക് ചെലവായത് നാല് ലക്ഷം രൂപ. തിരുവനന്തപുരത്ത് നിന്ന് കട്ടപ്പനയിലേക്ക് ഹെലികോപ്റ്റര്‍ വഴിയാണ് അദ്ദേഹം എത്തിയത്. ഇതിന്റെ ചാര്‍ജാണ് നാല് ലക്ഷം രൂപ.
14ാംതീയതി 12 മണിക്ക് തിരുവനന്തപുരത്ത് മറ്റൊരു പരിപാടിയുള്ളതിനാല്‍ കുറഞ്ഞ മണിക്കൂറുകള്‍ക്കുള്ളില്‍ ഇടുക്കിയിലേക്ക് എത്താന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് സംഘാടകരെ ദിവസങ്ങള്‍ക്ക് മുമ്ബ് തന്നെ അറിയിച്ചിരുന്നു. തുടര്‍ന്ന് യൂണിയന്‍ നേതാക്കളുമായി ആലോചിച്ച് മുഖ്യമന്ത്രിയെ ഹെലികോപ്റ്റര്‍ മാര്‍ഗം കട്ടപ്പനയിലേക്ക് എത്തിക്കാന്‍ അവര്‍ തീരുമാനിച്ചു. കൂടാതെ 13ാംതീയതി തന്നെ എയര്‍ ചാര്‍ജായ നാല് ലക്ഷം രൂപ മുന്‍കൂര്‍ അടയ്ക്കുകയും ചെയ്തു.
അതേസമയം, ജില്ലാ പൊലീസ് മേധാവി ടി നാരായണന്റെ നേതൃത്വത്തിലുള്ള 300 അംഗ സംഘമാണ് പരിപാടി ഉദ്ഘാടനം ചെയ്യാന്‍ എത്തിയ മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കിയത്. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ സാഹചര്യത്തില്‍ പ്രത്യേക കമാന്റോ സംഘവും പിണറായി വിജയനൊപ്പമുണ്ടായിരുന്നു. ഇന്‍റലിജന്‍സിന്റെയും സ്പെഷല്‍ ബ്രാഞ്ചിന്റെയും പ്രത്യേക സംഘങ്ങള്‍ ദിവസങ്ങള്‍ക്ക് മുമ്ബേ വേദി നിരീക്ഷിച്ചുവരികയാണ്.
അതേസമയം ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പ്രസംഗിച്ചുകൊണ്ടിരിക്കെ രജിസ്‌ട്രേഷന്‍ കൗണ്ടര്‍ തകര്‍ന്ന് വീണു. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഉദ്ഘാടന പ്രസംഗത്തിന് മുഖ്യമന്ത്രി എത്തിയപ്പോള്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ അംഗങ്ങള്‍ തൊട്ടടുത്ത ഹാളിലേക്ക് കയറിയിരുന്നു. പിണറായി വിജയന്‍ സംസാരിക്കുന്നതിനിടെയാണ് കൗണ്ടര്‍ പൂര്‍ണ്ണമായും നിലം പൊത്തിയത്. അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന് എത്തിയ അംഗങ്ങളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ അദ്ദേഹം എത്തും മുന്‍പ് തന്നെ ഏറെക്കുറെ പൂര്‍ത്തിയായതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.
