ശബരിമലയില്‍ യുവതികളെ കയറ്റാന്‍ ശ്രമിക്കില്ല; സ്ത്രീകളെ മലകയറ്റാന്‍ പണ്ടും ശ്രമിച്ചിട്ടില്ല, ഇനിയും ശ്രമിക്കില്ല; കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമലയില്‍ സര്‍ക്കാര്‍ സംരക്ഷണത്തില്‍ സ്ത്രീകളെ കയറ്റില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സ്ത്രീകളെ മലകയറ്റാന്‍ പണ്ടും ശ്രമിച്ചിട്ടില്ല, ഇനിയും ശ്രമിക്കില്ല. ആക്ടിവിസം പ്രദര്‍ശിപ്പിക്കാനുള്ള സ്ഥലമല്ല ശബരിമലയെന്നും ആക്ടിവിസ്റ്റുകള്‍ക്ക് സംരക്ഷണം നല്‍കേണ്ടി വന്നത് പഴയ കാര്യമാണെന്നും മന്ത്രി വ്യക്തമാക്കി.

മലകയറുമെന്ന് പ്രഖ്യാപിക്കുന്നവര്‍ പ്രചാരണം ലക്ഷ്യമിട്ടാണ് അത് ചെയ്യുന്നത്. തൃപ്തി ദേശായിക്ക് പൊലീസ് സംരക്ഷണം നല്‍കില്ല. സ്റ്റേയില്ലെന്ന കാരണത്താല്‍ ആരെങ്കിലും വന്നാല്‍ അവര്‍ കോടതിയില്‍ പോയി ഉത്തരവ് തേടേണ്ടിവരുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സുപ്രീം കോടതി വിധിയില്‍ കോടതി തന്നെ വ്യക്തത വരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സുപ്രീം കോടതി വിധി സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സുപ്രീം കോടതി വിധിയെ ഏതുസന്ദര്‍ഭത്തിലും അംഗീകരിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചത്. സുപ്രീം കോടതി വിധിയെ രണ്ട് കൈയും നീട്ടി ഗവണ്‍മെന്റ് സ്വീകരിക്കുകയാണ്. വിധിയുടെ ഉള്ളടക്കത്തെ സംബന്ധിച്ച്‌ പരിശോധിക്കപ്പെടേണ്ടതാണ്. പ്രതിപക്ഷം ഈ സന്ദര്‍ഭത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുതെന്നും കടകംപള്ളി പറഞ്ഞിരുന്നു.

അയോധ്യ വിധി നമ്മുടെ മുന്നിലുണ്ട്. ആ വിധി എങ്ങനെയാണോ സ്വകരിച്ചത് അതുപോലെ തന്നെയാണ് ശബരിമലയും കാണേണ്ടത്. സ്ത്രീകള്‍ വരികയാണെങ്കില്‍ സര്‍ക്കാര്‍ കയറ്റി വിടുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, നിങ്ങള്‍ ആവശ്യമില്ലാത്തതൊന്നും ചോദിക്കണ്ട എന്ന മറുപടിയാണ് ദേവസ്വം മന്ത്രി നല്‍കിയത്.

അതിനിടെ ശബരിമലയില്‍ യുവതീപ്രവേശനം വേണ്ടെന്ന് സര്‍ക്കാരിന് സുപ്രീംകോടതി അഭിഭാഷകന്‍ ജയദീപ് ഗുപ്തയുടെ നിയമോപദേശം ലഭിച്ചു. പുതിയ വിധിയില്‍ അവ്യക്തതയുണ്ട്. കേസില്‍ അന്തിമതീര്‍പ്പ് വരുംവരെ പഴയ സ്ഥിതി തുടരുന്നതാണ് ഉചിതമെന്നും സര്‍ക്കാരിന് ലഭിച്ച നിയമോപദേശത്തില്‍ പറയുന്നു.

ശബരിമല തീര്‍ഥാടനകാലത്തിന് ശനിയാഴ്ച നട തുറക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. യുവതിപ്രവേശന വിധിയിക്ക് സ്റ്റേ ഇല്ലാത്ത സാഹചര്യത്തില്‍ ദര്‍ശനത്തിന് ഇത്തവണയും യുവതികള്‍ എത്തിയേക്കാമെന്ന കരുതലിലാണ് പൊലീസ്. ദര്‍ശനത്തിന് യുവതികള്‍ എത്തിയാല്‍ തടയും എന്ന ഉറച്ച നിലപാടില്‍ തന്നെയാണ് കര്‍മസമിതിയും.

Leave a Reply

Your email address will not be published. Required fields are marked *