സാമൂഹ്യ അടുക്കള :കൊല്ലത്ത്‌ സന്നദ്ധ സേനയില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി

കൊച്ചി: കൊല്ലത്ത് സ്വയം സാമൂഹ്യ അടുക്കള നടത്താന്‍ അനുമതി തേടി കോടതിയെ സമീപിച്ച രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും സന്നദ്ധ സേനയില്‍ ഉള്‍പ്പെടുത്തിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇവരുടെ കൈവശമുള്ള ഭക്ഷ വസ്തുക്കള്‍ ജില്ലാ സപ്ലൈ ഓഫിസര്‍ക്ക് കൈമാറാന്‍ ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചതായും സര്‍ക്കാരിനു വേണ്ടി ഹാജരായ സീനിയര്‍ ഗവ.പ്ലീഡര്‍ പി നാരായണന്‍ കോടതിയെ അറിയിച്ചു.

സാമൂഹിക അടുക്കള പ്രവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ ഭക്ഷണ വിതരണത്തിന് മറ്റൊരു സംവിധാനം ആവശ്യമില്ലന്ന് സര്‍ക്കാര്‍ നിലപാട് ആവര്‍ത്തിച്ചു.

ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച്‌ കൂട്ടം ചേര്‍ന്ന് ഭക്ഷണ നിര്‍മ്മാണവും വിതരണവും പാടില്ലെന്ന കണ്ണനല്ലൂര്‍ പോലിസിന്റെ നോട്ടിസ് ചോദ്യം ചെയ്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി വിഡിയോ കോണ്‍ഫറന്‍സില്‍ പരിഗണിച്ചത്. ജില്ലാ കളക്ടറുടെ ഉത്തരവ് ശരിവച്ച കോടതി കേസ് രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാന്‍ മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *