തിരുവനന്തപുരം: പ്രതിപക്ഷം സംസാരിക്കുന്നത് അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ ഭാഷയിലെന്ന് ധനമന്ത്രി തോമസ് ഐസക്. പ്രതിപക്ഷത്തിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പ്രതിരോധത്തിന് ആയിരം കോടി രൂപയേ ചെലവു വരികയുള്ളൂ എന്നുള്ളപ്പോഴും ധനമന്ത്രി അത് പെരുപ്പിച്ച് കാണിക്കാന്‍ ശ്രമിക്കുകയാണെന്നും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ധനസഹായം ലഭിക്കുന്ന സാഹചര്യമുണ്ടായിട്ടും ഇല്ലാത്ത പ്രതിസന്ധി കാണിച്ച് സര്‍ക്കാര്‍ പണപ്പിരിവ് നടത്തുകയാണെന്ന് സാലറി ചലഞ്ചിനെ പരാമര്‍ശിച്ചുകൊണ്ട് പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു.
‘പ്രതിപക്ഷം സങ്കുചിത മനസ്സോടെ സംസാരിക്കുന്നു. അവരുടേത് അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ ഭാഷയാണ്. എല്ലാറ്റിനെയും അവര്‍ നിസ്സാരവല്‍ക്കരിക്കുയാണ്. 400 കോടി രൂപയാണ് ആരോഗ്യരംഗത്തെ വിതരണത്തിന് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. എന്നാല്‍ സാമ്ബത്തികവര്‍ഷത്തിന്റെ ആദ്യമാസത്തില്‍ തന്നെ 200 കോടി രൂപ ഇതിനായി ചെലവഴിച്ചു കഴിഞ്ഞു. ഒരു ലക്ഷം കിടക്കകള്‍ ആശുപത്രിക്ക പുറത്ത് തയ്യാറാക്കിയിട്ടുണ്ട്.
വിമാന സര്‍വീസുകള്‍ പുനഃരാരംഭിച്ചാല്‍ ഗള്‍ഫില്‍ നിന്ന് വരുന്നവരെ ക്വാറന്റൈന്‍ ചെയ്യണം. അവരുടെ ചെലവ് സര്‍ക്കാര്‍ വഹിക്കണം. 850 കോടി രൂപയാണ് ഭക്ഷണ കിറ്റു നല്‍കുന്നതിന് വേണ്ടി നല്‍കിയിരിക്കുന്നത്. 4000 കോടി രൂപയാണ് പെന്‍ഷനായി വിതരണം ചെയ്തു കഴിഞ്ഞത്. പെന്‍ഷന്‍ പറ്റാത്തവര്‍ക്കുള്ള ധനസഹായത്തിന് തന്നെ 600 കോടി വേണ’മെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോവിഡ് വന്നില്ലെങ്കിലും കേന്ദ്ര സര്‍ക്കാര്‍ തരേണ്ട പണമാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. കോവിഡ് ദുരന്തം നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ എന്തെങ്കിലും അധികമായി തന്നിട്ടുണ്ടോ എന്നു ചോദിച്ച ധനമന്ത്രി പ്രതിപക്ഷത്തിന്റെ വാദം അല്പത്തരമാണെന്ന് കുറ്റപ്പെടുത്തി. സാലറി ചലഞ്ച് എങ്ങനെ മുടക്കാം എന്നതിന്റെ ഗൂഢാലോചനയായിട്ട് ചെന്നിത്തല വന്നാലും കേരളത്തിന്റെ മുന്‍മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി വരരുതായിരുന്നു എന്നും ധനമന്ത്രി അഭിപ്രായപ്പെട്ടു.
എംപിമാരുടെ ശമ്ബളം വെട്ടിക്കുറച്ച നടപടി കേരള സര്‍ക്കാരും പിന്തുടരുമോ എന്ന ചോദ്യത്തിന് നിലവില്‍ തീരുമാനമെടുത്തിട്ടില്ലെന്നായിരുന്നു ധനമന്ത്രി പറഞ്ഞത്. കേരളത്തിന്റെ സമീപനം നിര്‍ബന്ധപൂര്‍വമല്ലാതെ സ്വയമേധയാ സംഭാവനയായി തരുന്നവരില്‍ നിന്ന് ധനസമാഹരണം നടത്തുക എന്നുള്ളതാണ്. കേരളത്തില്‍ മന്ത്രിമാരെല്ലാം അലവന്‍സുള്‍പ്പടെ ഒരുമാസത്തെ ശമ്ബളമാണ് നല്‍കുന്നത്. എംഎല്‍എമാരും അപ്രകാരം ചെയ്യുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഒരു മാസത്തെ ശമ്ബളം സ്വമേധയാ നല്‍കിയാല്‍ മതിയെന്നും ആരും നിര്‍ബന്ധിക്കില്ലെന്നും ധനമന്ത്രി പറഞ്ഞു.
എംപിഫണ്ട് റദ്ദാക്കിയത് അടിസ്ഥാനപരമായി വളരെ തെറ്റായ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. എംപി ഫണ്ട് നിലവിലെ സാഹചര്യത്തില്‍ ഒരു താങ്ങായിരുന്നു. പ്രാദേശിക ആവശ്യം മനസ്സിലാക്കി ചെലവഴിക്കാന്‍ പറ്റുന്ന ഒന്നാണ് എംപി ഫണ്ട്. താഴ്ത്തട്ടിലുള്ള പണം കേന്ദ്രത്തിലേക്ക് എടുത്തുകൊണ്ടുപോകുന്നത് എന്ത് ന്യായത്തിലാണ്. അത കോവിഡ് ഫണ്ടിന് വേണ്ടിയാണെങ്കിലും കുഴപ്പമില്ല. മറിച്ച് ആ പണം എത്തിയത് ഇന്ത്യന്‍ ഖജനാവിലേക്കാണ്. അത് വേറെ എന്തിനുവേണ്ടിയും ഉപയോഗിക്കപ്പെടാം. സര്‍ക്കാര്‍ ചെലവുചുരുക്കുകയാണ്. അതൊരു മണ്ടന്‍ പ്രവര്‍ത്തനമാണ്.
ലോക്ക്ഡൗണ്‍ ഇതേ പടി നീട്ടേണ്ട കാര്യമില്ലെന്നും എന്നാല്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരേണ്ടി വരുമെന്നും ധനമന്തി തോമസ് ഐസക് അഭിപ്രായപ്പെട്ടു. ലോക്ക്ഡൗണ്‍ നീട്ടുന്നതിനെ കുറിച്ച് പഠിക്കാനായി സര്‍ക്കാര്‍ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതിയുടെ റിപ്പോര്‍ട്ട് നാളെ വരുമെന്നും അതിനുശേഷം ഇക്കാര്യത്തില്‍ സംസ്ഥാനം തീരുമാനമെടുക്കുമെന്നും ധനമന്ത്രി പറഞ്ഞു. കര്‍ശന നിയന്ത്രണങ്ങള്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരുപോലെ ആവശ്യം വരില്ല. എന്നാല്‍ സാമൂഹിക വ്യാപനം തടയുന്നതിന് വേണ്ടി എന്തുവിലകൊടുക്കേണ്ടി വന്നാലും അത് അധികവിലയാകില്ലെന്നും അദ്ദേഹം പറഞ്ഞു.
എത്ര മികവുണ്ടെങ്കിലും കൈകാര്യം ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലേക്ക് നീങ്ങിയാല്‍ അതുണ്ടാക്കിയേക്കാവുന്ന നഷ്ടം വലുതാണ്. ഈ പശ്ചാത്തത്തില്‍ വളരെ ജാഗ്രതയോടെ കാര്യങ്ങള്‍ മുന്നോട്ടുനീക്കണം.നിലവിലെ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ തുടരേണ്ട വരില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ഓരോ സാമ്ബത്തിക മേഖലയും ജില്ലയുമെടുത്ത് വളരെ കരുതലോടെയും ജാഗ്രതയോടെയുമാണ് ഇളവുകള്‍ വരുത്തേണ്ടത്. അതൊരു കൂടുതല്‍ ഗൗരവമായ ചര്‍ച്ച വേണ്ടി വരും. ഒരാഴ്ച കൂടി ലോക്ക്ഡൗണ്‍ ഉണ്ട്. അത് കര്‍ശനമായി പാലിച്ച് മുന്നോട്ടുപോവുക എന്നുള്ളതാണ് ഇപ്പോള്‍ വേണ്ടത്. ധനമന്ത്രി എന്ന നിലയിലും സംസ്ഥാനത്തിന്റെ സമ്ബദ് വ്യവസ്ഥയേക്കാള്‍ രോഗ വ്യാപനം തടയുക എന്നുള്ളതിന് തന്നെയാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
