നിരീക്ഷണത്തിലുള്ള വിദ്യാര്‍ഥിനിയുടെ വീടിന് നേരെ ആക്രമണം: കര്‍ശന നടപടിയെന്ന്‌ മുഖ്യമന്ത്രി

പത്തനംതിട്ട: തണ്ണിത്തോട് കോവിഡ് നിരീക്ഷണത്തിലുള്ള നിരീക്ഷണത്തിലുള്ള വിദ്യാര്‍ഥിനിയുടെ വീടിന് നേരെയുണ്ടായ ആക്രമണത്തെഅപലപിച്ച്‌ മുഖ്യമന്ത്രി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയതായി വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചു.

കോയമ്ബത്തൂരില്‍ നിന്നും എത്തിയ വിദ്യാര്‍ഥിനി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. കുട്ടിയുടെ കുടുംബത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപ പോസ്റ്റുകള്‍ പ്രചരിച്ചു. കുട്ടിയുടെ അച്ഛന് നേരെ വധഭീഷണിയും ഉണ്ടായി. ഇത് ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ഥിനി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ജീവന് ഭീഷണിയുണ്ടെന്നും ഇടപെടണമെന്നും അഭ്യര്‍ഥിച്ചുകൊണ്ട് പരാതി നല്‍കിയതിനു പിന്നാലെയാണ് ഇവരുടെ വീടിന് നേരെ ആക്രമണമുണ്ടായത്.

സംഭവത്തില്‍ കുറ്റക്കാരെ ഉടന്‍ കണ്ടെത്തണമെന്നും ഇവര്‍ക്കെതിരെ ദാക്ഷിണ്യമില്ലാത്ത നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പൊലീസിന് നിര്‍ദേശം നല്‍കി. ഇത്തരം സംഭവങ്ങള്‍ അനുവദിക്കാനാവില്ല, പൊലീസിനൊപ്പം നാട്ടുകാരും ഇത്തരം കുത്സിത പ്രവര്‍ത്തികര്‍ക്കെതിരെ രംഗത്തുവരണം, നാടിന്റെ ജാഗ്രത ഇത്തരം കാര്യങ്ങള്‍ക്ക് നേരേയും ഉയരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഈ സംഭവത്തില്‍ സി.പി.എം. പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെട്ടതായി മാധ്യമപ്രവര്‍ഡത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ ഏതു പാര്‍ട്ടിക്കാരായാലും അതനുവദിക്കില്ലെന്നും കര്‍ക്കശമായ നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *