തിരുവനന്തപുരം: വിവാദമായ ജിഷ വധ കേസ് അന്വേഷിക്കാന്‍ പിണറായി സര്‍ക്കാര്‍ പുതിയ ടീമിനെ നിയോഗിച്ചു. പുതിയ മന്ത്രിസഭയുടെ ആദ്യ തീരുമാനമാണിത്. എ.ഡി.ജി.പി സന്ധ്യയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഈ കേസ് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യവാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജിഷ വധക്കേസ് അന്വഷണത്തില്‍ ഗുരുതരമായ വീഴ്ചയുണ്ടായതായി അദ്ദേഹം പറഞ്ഞു. മഹസര്‍ തയ്യാറാക്കിയതു മുതല്‍ ദഹിപ്പിച്ചതു വരെ സാധാരണയില്‍ വ്യത്യസ്തമായ കാര്യങ്ങളാണ് നടന്നത്. പൊതുവെ അതൃപ്തിയുണ്ട്. നിലവിലുള്ള അന്വേഷണ സംവിധാനം മാറണമെന്നാണ് പുതിയ സര്‍ക്കാറിന്റെ തീരുമാനം.മുഖ്യമന്ത്രി പറഞ്ഞു.
ജിഷയുടെ കുടുംബത്തിന് വീട് നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കും. 45 ദിവസത്തിനുള്ളില്‍ വീട് നിര്‍മാണം പൂര്‍ത്തിയാക്കും. ഇതിനായി കളക്ടറെ ചുമതലപ്പെടുത്തി. ജിഷയുടെ സഹോദരിക്ക് ജോലി പെട്ടെന്ന് നല്‍കും.
ജിഷയുടെ അമ്മ വീടുകളില്‍ ജോലിക്കു പോകുന്ന അവസ്ഥയുണ്ടാകില്ല. മാസത്തില്‍ അവര്‍ക്ക് അയ്യായിരം രൂപ പെന്‍ഷന്‍ നല്‍കും.
സംസ്ഥാനത്ത് അപ്രഖ്യാപിത നിയമന നിരോധനനം നിലനില്‍ക്കുന്നതായി പരാതിയുണ്ട്. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതാണ് പ്രശ്്‌നം. പത്തു ദിവസത്തിനകം എല്ലാ വകുപ്പുകള്‍ക്കും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം നല്‍കും. ഇത് പരിശോധിക്കാന്‍ ചീഫ് സെക്രട്ടറി തലത്തില്‍ സംവിധാനം വരം. പി.എസ്.സി. ലിസ്റ്റുകളില്ലാത്ത വകുപ്പുകളില്‍ അത് ഉണ്ടാക്കാന്‍ നിര്‍ദേശമുണ്ടാകും. പി.സ്.സി.യുമായി ഇത് ചര്‍ച്ച ചെയ്യും.
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടികളെടുക്കും. സിവില്‍ സപ്ലെസ് കോര്‍പ്പറേഷന്റെ പൊതു വിതരണ സംവിധാനം ശക്തിപ്പെടുത്തും. നേരത്തെ 75 കോടിയാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇത് ഇരട്ടിയാക്കും. ആവശ്യമെങ്കില്‍ കൂടുതല്‍ പണം അനുവദിക്കും. സിവില്‍ സപ്ലെസ് കോര്‍പ്പറേഷനെ പ്രൊഫഷണലൈസ് ചെയ്യും. ഉല്‍പാദന കേന്ദ്രങ്ങളില്‍ നിന്ന് തന്നെ സാധനങ്ങള്‍ എടുക്കാന്‍ സംവിധാനമുണ്ടാകും.
ക്ഷേമപെന്‍ഷനുകളിലെ കുടിശിഖ കൊടുത്തു തീര്‍ക്കും.പെന്‍ഷന്‍ വീടുകളില്‍ നേരിട്ടെത്തിക്കാന്‍ സംവിധാനമുണ്ടാകും. ഇതിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
കേന്ദ്രം ഉപേക്ഷിച്ച പഞ്ചവല്‍സര പദ്ധതി കേരളത്തില്‍ രൂപം നല്‍കും.കേന്ദ്ര സര്‍ക്കാര്‍ വേണ്ടെന്ന് വച്ച പ്ലാനിംഗ് കമ്മീഷന്‍ കേരളത്തിലുണ്ടാകും. മഴക്കാല പൂര്‍വ്വ ശുചീകരണം നടക്കും. 27 ന് ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം നടക്കും.
കഴിഞ്ഞ സര്‍ക്കാര്‍ എടുത്ത നിയമവിരുദ്ധ തീരുമാനങ്ങള്‍ പുനപരിശോധിക്കാന്‍ എ.കെ.ബാലന്‍ കണ്‍വീനറായ നിയമസഭാ സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തി.
മന്ത്രിമാര്‍ക്ക് സ്വീകരണം നല്‍കുമ്പോള്‍ കുട്ടികളെയും സ്ത്രീകളെയും നിര്‍ത്തി താലപ്പൊലികളെടുക്കുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
കേരളത്തിന്റെ സാമ്പത്തിക നില തകരാറിലാണ്. ഇക്കാര്യം പഠിക്കും. മദ്യനയത്തിലേക്ക് വൈകാതെ കടക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബീഫ് പ്രശ്്‌നത്തില്‍ ഓരോരുത്തര്‍ക്കും താല്‍പര്യമുള്ളത് അവര്‍ കഴിക്കട്ടെയെന്നതാണ് നിലപാട്. 28 ന് ദല്‍ഹിയില്‍ പോകുമെന്നും രാഷ്ട്രപതിയെയും കേന്ദ്രത്തിലെ വിവിധ മന്ത്രിമാരെയും കാണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ ബുധനാഴ്ചയും കാബിനറ്റ് യോഗമുണ്ടാകുമെങ്കിലും എല്ലാ തവണയും മാധ്യമങ്ങളെ കാണലുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
