മലപ്പുറം:
പുൽപ്പറ്റ ഗ്രാമ പഞ്ചായത്തിൽ ലക്ഷം വീട് പദ്ധതി പ്രകാരം നിർമ്മിച്ച 6 വീടുകളുടെ പുനർ നിർമ്മാണത്തിന്
സർക്കാർ അനുമതി നൽകി ഉത്തരവിറക്കി.
2018-19 വർഷത്തെ പദ്ധതിയിൽ പഞ്ചായത്ത് തുക വകയിരുത്തിയിട്ടും
ഒന്നര വർഷത്തിലധികമായി സാങ്കേതിക നടപടി ക്രമങ്ങൾ മൂലം വൈകിയ പദ്ധതിക്കാണ് പി.ഉബൈദുള്ള എം.എൽ.എ യുടെ ഇടപെടലുകളിലൂടെ ഫലം കണ്ടത്.ഇതോടെ പെരുവഴിയിലായിരുന്ന പുല്‍പറ്റയിലെ ആറ് കുടുംബങ്ങള്‍ക്കാശ്വാസമായി.
പ്രൊജക്ടിൽ ഇരട്ട വീടുകള്‍ ഒറ്റവീടാക്കുന്നതിന് ആറ് കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം 12 ലക്ഷം രൂപ മാറ്റി വെച്ചിരുന്നു. ഇതിന് 06.02.18 ലെ സംസ്ഥാന തല വികേന്ദ്രീകൃതാസൂത്രണ സമിതി അംഗീകാരം നല്‍കുകയും ചെയ്തു. വീടൊന്നിന് രണ്ട് ലക്ഷം അപര്യാപ്തമായതിനാല്‍ നാല് ലക്ഷം രൂപ അടങ്കലില്‍ പ്രോജക്ട് ഭേദഗതി ചെയ്ത് മൊത്തം 24 ലക്ഷം രൂപയുടെ പദ്ധതിക്കാണ് രണ്ടാം തവണയും പഞ്ചായത്ത് ഭരണസമിതി
സർക്കാറിന്റെ അനുമതി തേടിയിരുന്നത് .19.5 ലക്ഷം രൂപ പഞ്ചായത്തിന്റെ തനത് ഫണ്ടും 4.5 ലക്ഷം ഹൗസിങ് ബോര്‍ഡില്‍ നിന്നുമുള്ള വിഹിതവുമായിരുന്നു.
തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ജനുവരി 28 ന് വികേന്ദ്രീകൃതാസൂത്രണ സമിതി ചേർന്നെങ്കിലും ഇതിന് അംഗീകാരം നല്‍കാതെ മാറ്റിവെച്ചു.
ലൈഫ് മിഷന്‍ പദ്ധതി പ്രകാരം (രണ്ടാം ഘട്ടം) എല്ലാവര്‍ക്കും വീടു നല്‍കിയിട്ടുണ്ടോ എന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെ ചുമതലപ്പെടുത്തിയും വീടുകളുടെ പുനരുദ്ധാരണ ഫണ്ട് വിനിയോഗത്തിനുള്ള അനുമതി പിന്നീട് പരിഗണിക്കാമെന്നും പറഞ്ഞാണ് മാറ്റിവെച്ചത് .
പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് സൈനബയും വൈസ് പ്രസിഡന്റ് കെ.പി.മുഹമ്മദും സാങ്കേതിക തടസ്സങ്ങൾ എം.എൽ.എ യുടെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്ന് അവ പരിഹരിച്ച് പദ്ധതിക്ക് അംഗീകാരം നൽകണമെന്നാവശ്യപ്പെട്ട്
എം.എൽ.എ മന്ത്രി എ.സി.മൊയ്തീന്
കത്ത് നൽകി.
തുടർന്ന് ലൈഫ് മിഷന്‍ എക്സിക്യൂട്ടീവ് ഓഫീസറുടെ റിപ്പോർട്ട് കൂടി പരിഗണിച്ച് ഫെബ്രുവരി 25 ന് വീണ്ടും ചേർന്ന വികേന്ദ്രീകൃതാസൂത്രണ സമിതി അംഗീകാരം നൽകുകയും സർക്കാർ ഇതു സംബന്ധിച്ച് ഉത്തരവിറക്കുകയും ചെയ്യുകയായിരുന്നു.
