ഖലീൽ ബുഖാരി തങ്ങളുടെ സ്‌നേഹ കുടുംബം ഓൺലൈൻ ക്ലാസ് ശ്രദ്ധേയമാകുന്നു

മലപ്പുറം: കുടുംബ വിഷയങ്ങൾ ചർച്ച ചെയ്യുന്ന മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി നേതൃത്വം നൽകുന്ന സ്‌നേഹ കുടുംബം ഓൺലൈൻ ക്ലാസ് ശ്രദ്ധേയമാകുന്നു. കഴിഞ്ഞ 12 ദിവസങ്ങളായി നടന്ന് വരുന്ന പ്രസ്തുത പരിപാടി ഓൺലൈനിലൂടെ ആയിരങ്ങളാണ് ശ്രവിക്കുന്നത്. ഉച്ചക്ക് 2.30 മുതൽ 3 വരെ നടക്കുന്ന എപ്പിസോഡിൽ മാതാപിതാക്കൾ, കലഹങ്ങളില്ലാത്ത ദാമ്പത്യ ജീവിതം, സന്തുഷ്ട കുടുംബ ജീവിതം, സന്താന പരിപാലനം തുടങ്ങി 40 വിഷയങ്ങളാണ് ചർച്ച ചെയ്യുന്നത്.
നിരവധി കുടുംബ കലഹങ്ങളിൽ പ്രശ്‌ന പരിഹാരത്തിന് ഇടപെടേണ്ടി വന്നതാണ് ഇത്തരമൊരു വിഷയം തെരഞ്ഞെടുക്കാൻ തന്നെ പ്രേരിപ്പിച്ചതെന്നും കുടുംബ ജീവിതം സമാധാന പൂർണമായാൽ അതുവഴി സമൂഹത്തിൽ ഐക്യവും കെട്ടുറപ്പും ഉണ്ടാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ ലോക്ക്ഡൗൺ സമയത്ത് ഇന്ത്യയിൽ മാത്രം കുട്ടികൾക്കെതിരെയുള്ള 92000 അതിക്രമങ്ങൾ ചൈൽഡ്‌ലൈനിൽ റിപ്പോർട്ട് ചെയ്തതും കുടുംബ കലഹങ്ങൾ വർധിച്ചതും ഈയൊരു വിഷയത്തിന്റെ പ്രസക്തി വർധിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുടുംബ വിഷയങ്ങളെ പ്രതിപാദിച്ച് സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി രചിച്ച 304 പേജുള്ള ഓർമക്കൂട്ട് കുടുംബിനികളുടെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. മുഴുവൻ അധ്യായങ്ങളും ക്യൂ ആർ കോഡ് സിസ്റ്റത്തിൽ സംവിധാനിച്ച ഈ പുസ്തകം കുറഞ്ഞ സമയത്തിനുള്ളിൽ എട്ട് എഡിഷനുകളിലായി പതിനയ്യായിരത്തോളം കോപ്പികൾ വായനാലോകത്തെത്തിയിട്ടുണ്ട്.
സ്‌നേഹ കുടുംബം പരിപാടി റമളാൻ കഴിയുന്നത് വരെ തുടരും. മഅ്ദിൻ അക്കാദമി യൂട്യൂബ്, ഫെയ്‌സ്ബുക്ക് ഒഫീഷ്യൽ പേജുകളിലാണ് സംപ്രേഷണം. ഓരോ ദിവസത്തെ ക്ലാസിനെ ആസ്പദമാക്കി വിജ്ഞാന പരീക്ഷയും സംഘടിപ്പിച്ച് വരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *