കൊറോണ വൈറസ് ബാധിച്ച ഗര്‍ഭിണി പ്രസവിച്ചു. മുംബൈയിലെ നാനാവതി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് മുപ്പത്തി അഞ്ചുകാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിനെ അമ്മയില്‍ നിന്ന് മാറ്റി പ്രത്യേക പരിചരണത്തിലാക്കിയിട്ടുണ്ട്. ഇരുവരും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
കുഞ്ഞിന്റെ ജനനം കുടുംബത്തിന് മാത്രമല്ല, കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ സാഹചര്യത്തില്‍ ജീവന് രക്ഷിക്കാന്‍ പരിശ്രമിക്കുന്ന ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സന്തോഷം പകരുന്ന വാര്‍ത്തയായി മാറി. ഗര്‍ഭിണിയെ ആദ്യം പ്രദേശത്തെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. കൊറോണ ലക്ഷണങ്ങളൊന്നുമില്ലെങ്കിലും,പ്രോട്ടോക്കോള്‍ അനുസരിച്ച് പ്രസവത്തിന് മുമ്ബ് യുവതിയുടെ സാമ്ബിള്‍ പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇവര്‍ക്ക് വൈറസ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ചതെന്ന് റിപ്പോര്‍ട്ട് വന്നത്.
സ്വകാര്യ ആശുപത്രിയില്‍ കൊറോണ പോസിറ്റീവ് രോഗികള്‍ക്ക് പ്രസവ യൂണിറ്റ് ഇല്ലാത്തതിനാല്‍ യുവതിയെ നാനാവതി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഭാര്യയ്ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ ഞങ്ങളെല്ലാം വളരെയധികം സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും ആശുപത്രിയിലെ ഡോക്ടര്‍മാരും കോര്‍ഡിനേറ്റര്‍മാരും കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിയപ്പോഴാണ് ആശ്വാസമായതെന്നും ഭര്‍ത്താവ് പറയുന്നു.
