കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പുതിയ ഉയരത്തില്‍. ഇന്നുമാത്രം ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വര്‍ധിച്ചു. ഇതോടെ ഒരു പവന് 33,800 രൂപയും ഗ്രാമിന് 4,225 രൂപയുമെന്ന സര്‍വകാല റിക്കാര്‍ഡിലെത്തി.
വിഷു ദിനമായ കഴിഞ്ഞ 14ന് ഗ്രാമിന് 4,200 രൂപയും പവന് 33,600 രൂപയും രേഖപ്പെടുത്തിയതാണ് ഇതുവരെയുള്ള റിക്കാര്‍ഡ് വില. ഈ നിലവാരമാണ് ഇന്ന് മറികടന്നത്. ഈ വര്‍ഷത്തെ അക്ഷയ തൃതീയ ആഘോഷം പടിവാതിക്കല്‍ എത്തിനില്‍ക്കേ സ്വര്‍ണവിലയിലുണ്ടായ വളര്‍ച്ച വളരെ വലുതാണ്.
കഴിഞ്ഞ വര്‍ഷം അക്ഷയ തൃതീയ ദിനത്തില്‍ സ്വര്‍ണ വില ഗ്രാമിന് 2,945 രൂപയും പവന് വിലയാകട്ടെ 23,560 രൂപയുമായിരുന്നു. ഒരു വര്‍ഷത്തിനിടെ ഗ്രാമിന് 1,280 രൂപയുടെയും പവന് 10,240 രൂപയുടെയും വില വര്‍ധനവാണ് സ്വര്‍ണത്തിനുണ്ടായത്.
കേരളത്തില്‍ ഒറ്റ ദിവസം ഏറ്റവും കൂടുതല്‍ സ്വര്‍ണം വിറ്റഴിയുന്ന ദിവസമാണ് അക്ഷയ തൃതീയ നാള്. കേരളത്തിലെ 12,000 ലധികം സ്വര്‍ണക്കടകളിലേക്ക് പത്തു ലക്ഷത്തിലധികം ജനങ്ങള്‍ സ്വര്‍ണം വാങ്ങാനായി ഒഴുകിയെത്തുമെന്നാണു കണക്കുകള്‍.
ഏകദേശം 2,000 കിലോ സ്വര്‍ണം വിറ്റഴിയുമെന്നാണ് വിപണിയില്‍നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ 26 നാണ് ഈ വര്‍ഷത്തെ അക്ഷയ തൃതീയ ആഘോഷം.
ലോക്ക്ഡൗണിനെത്തുടര്‍ന്ന് സ്വര്‍ണക്കടകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ വ്യാപാരം നടക്കാന്‍ സാധ്യതയില്ല. മിക്കവാറും ജ്വല്ലറികളും ഫോണ്‍ നന്പര് വഴിയും, സാമൂഹമാധ്യമങ്ങള്‍ വഴിയും ബുക്കിംഗ് സ്വീകരിക്കുന്നുണ്ട്.
