കോവിഡ് ഭീതിയെ തുടർന്ന് സാമൂഹിക അകലം പാലിച്ച് ജനങ്ങൾ വീടുകളിൽ കഴിയുമ്പോൾ സ്വന്തം വീട് പ്രതിരോധ പ്രവർത്തനങ്ങൾക്കായി വിട്ടു നൽകി പ്രശസ്‌ത ജന്തു ശാസ്ത്രജ്ഞൻ. കാലിക്കറ്റ് സർവകലാശാലയിലെ ജന്തുശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ഡോ. സുബൈർ മേടമ്മലാണ് തന്റെ സ്വന്തം വീട് കോവിഡ് കെയർ സെന്ററിനായി വിട്ടുനൽകി മാതൃകയായത്. ചെറിയമുണ്ടം പഞ്ചായത്ത് പരിധിയിലുള്ള തിരൂർ വാണിയന്നൂരിലെ തന്റെ 3000 ചതുരശ്രയടി വിസ്തീർണമുള്ള വീടാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നൽകിയത്. ബാത്റൂം സൗകര്യമുള്ള അഞ്ച് ബെഡ് റൂമുകളും രണ്ട് ഡൈനിംഗ് ഹാൾ, രണ്ട് അടുക്കള, പ്രാർത്ഥനാമുറി എന്നിവയടങ്ങുന്നതാണ് വീട്. പ്രശസ്ത ഫാൽക്കൺ ഗവേഷകനായ ഡോ. സുബൈർ മേടമ്മൽഇന്റർനാഷണൽ ഏവിയൻ റിസെർച്ച് സെന്റർ കോ ഓർഡിനേറ്റർ കൂടിയാണ്.വീടിൻ്റെ താക്കോൽ ഡോ. സുബൈർ മേടമ്മൽ ചെറിയമുണ്ടം പഞ്ചായത്ത് പ്രസിഡന്റ് എം എ റഫീഖ് മാസ്റ്റർക്ക് കൈമാറി. ലോകം മഹാമാരിയുടെ പിടിയിലമർന്ന് അതിജീവനത്തിനായി മല്ലിടുമ്പോൾ സ്വന്തം വീട് പ്രതിരോധ പ്രവർത്തനങ്ങൾക്കായി വിട്ടുനൽകിയതിലൂടെ ഡോ. സുബൈർ മേടമ്മൽ വലിയ മാതൃകയാണ് സൃഷ്ടിച്ച തെന്ന് എം എ റഫീഖ് പറഞ്ഞു.പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ഹാഷിം, പെർഫോമൻസ് ഓഡിറ്റ് സൂപ്പർവൈസർ കെ. സിദ്ദിഖ് എന്നിവർ സംബന്ധിച്ചു.
