തിരുവനന്തപുരം: അവശ്യ സര്‍വ്വീസുകളല്ലാത്ത വകുപ്പുകളിലെ ജീവനക്കാരും അധ്യാപകരും നാളെ മുതല്‍ കോവിഡ് ഡ്യൂട്ടിക്ക് ഇറങ്ങിതുടങ്ങും.ഒട്ടേറെ വകുപ്പുകളിലെ ജീവനക്കാര്‍ ജോലിക്ക് പോകാതെ ശമ്പളം പറ്റുന്നുവെന്ന് വ്യാപകമായ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കോവിഡ് ഡ്യൂട്ടി നിശ്ചയിച്ചത്. നിലവില്‍ അവശ്യസര്‍വ്വീസുകളായ ആരോഗ്യവകുപ്പ്, പോലീസ്, എക്സൈസ്, റവന്യു തുടങ്ങിയ ഏതാനും വകുപ്പുകളിലെ ജീവനക്കാര്‍ക്ക് മാത്രമാണ് എല്ലാ ദിവസവും ഡ്യൂട്ടിയുണ്ടായിരുന്നത്. മറ്റു വകുപ്പുകളിലുള്ളവര്‍ക്ക് ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസമാണ് ജോലിക്ക് പോകേണ്ടിയിരുന്നത്. മൂന്നിലൊന്ന് ജീവനക്കാരെ ഓഫീസുകളില്‍ എത്തേണ്ടതുള്ളൂ എന്നാണ് സര്‍ക്കാര്‍ നേരത്തെ നിര്‍ദേശിച്ചിരുന്നത്. സ്കൂള്‍ അവധിയായിരുന്നതിനാല്‍ അധ്യാപകര്‍ക്ക് ഡ്യൂട്ടിയുണ്ടായിരുന്നില്ല.
പുതിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അധ്യാപകരടക്കം എല്ലാ ജീവനക്കാരും കോവിഡ് അനുബന്ധ ജോലി ചെയ്യണം. കോവിഡ് സെന്ററുകള്‍, നീരീക്ഷണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് ജീവനക്കാര്‍ക്ക് ഡ്യൂട്ടി നല്‍കിയിരിക്കുന്നത്. അധ്യാപകര്‍ക്ക് രണ്ടാംഘട്ടത്തിലായിരിക്കും ഡ്യൂട്ടി നല്‍കുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും മലയാളികള്‍ എത്തുമ്പോള്‍ അവരെ സ്വീകരിക്കുന്നതിനും നിരീക്ഷണത്തിലാക്കുന്നതിനുമുള്ള ജോലികളില്‍ അധ്യാപകരെ നിയമിച്ചേക്കുമെന്നാണറിയുന്നത്.
നാളെ മുതല്‍ കൂട്ടത്തോടെ ജീവനക്കാര്‍ക്ക് ഡ്യൂട്ടിക്കിറങ്ങുന്നത് ലോക്ഡൗണ്‍ നിയന്ത്രണങ്ങളെ അവതാളത്തിലാക്കുമെന്ന് ആശങ്കകളുണ്ട്. ജീവനക്കാര്‍ക്ക് സ്വന്തം ഓഫീസുകളില്ല ഡ്യൂട്ടി നല്‍കിയിരിക്കുന്നത്. ദൂരെയുള്ള കോവിഡ് സെന്ററുകളിലാണ് മിക്കവര്‍ക്കും ജോലി. ഇവര്‍ക്ക് ഇവിടങ്ങളില്‍ എത്താന്‍ പൊതു ഗതാഗത സംവിധാനമില്ല. സര്‍ക്കാര്‍ വാഹനങ്ങളും ഇവര്‍ക്ക് നല്‍കുന്നില്ല. ഇതോടെ എല്ലാവരും സ്വന്തം വാഹനങ്ങളിലായിരിക്കും ജോലിക്കെത്തുന്നത്. ഇത് വാഹനഗതാഗത തിരക്ക് വര്‍ധിപ്പിക്കും. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കണം ഡ്യൂട്ടിക്കെത്തേണ്ടതെന്ന് ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
