40 ദിവസത്തെ ലോക്ക്‌ഡൗണിനു 40 കോടി നല്‍കി മദ്യപാനികള്‍, അന്യ സംസ്ഥാനത്തു നിന്നും ആളെത്തി, മദ്യവില്പനയില്‍ റെക്കോര്‍ഡ് വരുമാനമിട്ട് ആന്ധ്ര

വിജയവാഡ: നാല്‍പതു ദിവസത്തെ ലോക്ക് ഡൗണിനുശേഷം മദ്യവില്‍പ്പനശാലകള്‍ വീണ്ടും തുറന്ന ആദ്യ ദിവസം തന്നെ ആന്ധ്ര സര്‍ക്കാര്‍ 40 കോടി രൂപയുടെ മദ്യ വില്‍പ്പന നടത്തി. സംസ്ഥാനത്തെ മദ്യവില്‍പ്പന ശാലകളില്‍ തിങ്കളാഴ്ച നീണ്ട നിരയും വന്‍ ജനാവലിയുമായിരുന്നു. പലയിടത്തും ശാരീരിക ദൂര മാനദണ്ഡങ്ങള്‍ ലംഘിച്ചു കൊണ്ടാണ് ആളുകള്‍ നിര നിന്നിരുന്നത്. അന്ധ്രായില്‍ കണ്ടെയ്‌നര്‍ ക്ലസ്റ്ററുകളൊഴികെ എല്ലായിടത്തും ഷോപ്പുകള്‍ തുറക്കാന്‍ അനുവദിക്കുകയായിരുന്നു. ലോക്ക്ഡൗ ണ്‍ സംബന്ധിച്ച ഇളവ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് മദ്യവില്‍പ്പനശാലകള്‍ തുറന്നത്.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എപി സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് നടത്തുന്ന മൊത്തം 3,468 റീട്ടെയില്‍ മദ്യവില്‍പ്പന ശാലകളില്‍ 2,345 എണ്ണം വിവിധ ജില്ലകളില്‍ തുറന്നിട്ടുണ്ട്. കൊവിഡ് വൈറസ് ഹോട്ട്‌സ്പോട്ട് ജില്ലകളായ കര്‍നൂള്‍, ഗുണ്ടൂര്‍, കൃഷ്ണ എന്നിവിടങ്ങളില്‍ പോലും നൂറുകണക്കിന് ആളുകള്‍ മദ്യം വാങ്ങാന്‍ എത്തി. സര്‍ക്കാര്‍ മദ്യ നികുതി 25 ശതമാനം ഉയര്‍ത്തിയിട്ടും ആളുകളെ നിയന്ത്രിക്കാനായില്ല. കൊവിഡ് -19 ലോക്ക്ഡൗണ്‍ കാരണം മറ്റ് സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനം നിലച്ച സ്ഥിതിയാണ്.

എന്നാല്‍ 40 ദിവസത്തിനുള്ളില്‍ സംസ്ഥാന സര്‍ക്കാരിന് ലഭിച്ച ഏറ്റവും വലിയ വരുമാനമാണ് 40 കോടി രൂപയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. സാധാരണ ദിവസങ്ങളില്‍ ദിവസേന ശരാശരി 65 കോടി രൂപയായിരുന്നു മദ്യ വില്‍പ്പന. കുറഞ്ഞ കടകള്‍ തുറന്നതിനാല്‍ ഇന്ന് വില്‍പ്പന വീണ്ടും വര്‍ദ്ധിക്കുമെന്നു എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മദ്യവില 25 ശതമാനം വര്‍ധിപ്പിച്ചാല്‍ പ്രതിവര്‍ഷം 4,500 കോടി രൂപ അധിക വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സര്‍ക്കാര്‍ നടത്തുന്ന മദ്യവില്‍പ്പന ശാലകളിലെ കമ്ബ്യൂട്ടറുകളിലെ സാങ്കേതിക തകരാറുകള്‍ വില്‍പ്പനയില്‍ അസാധാരണമായ കാലതാമസത്തിന് കാരണമായി. അതിര്‍ത്തി ജില്ലകളായ ചിറ്റൂര്‍, എസ്പിഎസ് നെല്ലൂര്‍, ഈസ്റ്റ് ഗോദാവരി, കൃഷ്ണ എന്നിവിടങ്ങളില്‍ അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള ആളുകള്‍ വാങ്ങാന്‍ എത്തിയിരുന്നു.

കിഴക്കന്‍ ഗോദാവരി ജില്ലയിലെ യെതപകയില്‍, തെലങ്കാനയില്‍ നിന്നുള്ളവര്‍ മദ്യം വാങ്ങാന്‍ എത്തി. ചിറ്റൂര്‍ ജില്ലയിലെ പാലസമുദ്രത്തില്‍, തമിഴ്‌നാട്ടില്‍ നിന്നുള്ളവര്‍ മദ്യം വാങ്ങാന്‍ കൂട്ടമായി എത്തിയതോടെ തമിഴ്‌നാട് അധികൃതരുടെ നിര്‍ദേശപ്രകാരം ആന്ധ്രാപ്രദേശ് അധികൃതര്‍ മദ്യവില്‍പ്പന താല്‍ക്കാലികമായി നിര്‍ത്തിവച്ചു. തമിഴ്‌നാടിന്റെ അതിര്‍ത്തിയിലുള്ള എസ്പിഎസ് നെല്ലൂര്‍ ജില്ലയിലെ ടഡാ പ്രദേശത്തുനിന്നും സമാന സ്ഥിതിയായിരുന്നു. ആള്‍ക്കൂട്ടം വളരെയധികം വര്‍ദ്ധിച്ചതിനാല്‍ രണ്ട് സ്ഥലങ്ങളില്‍ വില്‍പ്പന താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. എക്സൈസ് വകുപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ട് അനുസരിച്ച്‌ സംസ്ഥാനത്തെ 3,500 കടകളില്‍ 313 എണ്ണം മാത്രമാണ് വിവിധ ജില്ലകളില്‍ ഉച്ചവരെ തുറന്നത്. ചില ജില്ലകളില്‍ ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം മദ്യവില്‍പ്പനശാലകള്‍ തുറന്നു.

Leave a Reply

Your email address will not be published. Required fields are marked *