മലപ്പുറം: ഭൂമിഇടപാട് കേസില്‍ വഴിവിട്ട് ഒന്നും ചെയ്തിട്ടില്ലെന്നും വ്യവസായ മന്ത്രിയെന്ന നിലയില്‍ തന്റെ ജോലിമാത്രമാണ് നിര്‍വഹിച്ചതെന്നും മുന്‍മന്ത്രി പികെ കുഞ്ഞാലിക്കുട്ടി. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവ് സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നിക്ഷേപത്തിനും തൊഴിലാളികളുടെ എണ്ണത്തിന്റെയും അടിസ്ഥാനത്തില്‍ ഭൂനിയമത്തില്‍ ഇളവുകൊടുക്കാമെന്ന് സര്‍ക്കാറിന്റെ നയതീരുമാനമാണ്. പ്രസ്തുത തീരുമാനം ഉണ്ടായിട്ടും തങ്ങളുടെ അപേക്ഷയില്‍ രണ്ടുവര്‍ഷമായി യാതൊരു നടപടിയുമില്ലെന്ന പരാതിയുമായാണ് ഐ ടി കമ്പിനി തന്നെ സമീപിച്ചത്. തുടര്‍ന്ന് വിഷയം കാബിനറ്റില്‍ ഉന്നയിക്കുകയായിരുന്നു. പാര്‍ക്ക് സ്ഥാപിക്കാന്‍ ഭൂപരിധി നിയമത്തില്‍ ഇളവു നല്‍കാമോ എന്നും, വ്യവസായ, റവന്യൂ ഉദ്യോഗസ്ഥരും കലക്ടറും ഉള്‍പ്പെടുന്ന പ്രത്യേക ഏകജാലക ക്ലിയറന്‍സ് ബോര്‍ഡ് രൂപീകരിക്കണമോ എന്ന ചോദ്യവും താന്‍ ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യം ഉന്നയിച്ച അജന്‍ഡയുടെ പകര്‍പ്പും അദ്ദേഹം മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കി. സംഭവത്തില്‍ ഗൂഢാലോചനയില്ലെന്നും കേസില്‍ വിശദമായ അന്വേഷണം നടക്കട്ടെയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
