കോവിഡ് പശ്ചാത്തലത്തില്‍ സൗദിയില്‍ കുടുങ്ങിയ ഇന്ത്യന്‍ പ്രവാസികളെയും വഹിച്ചുള്ള ആദ്യവിമാനം വെള്ളിയാഴ്ച പുറപ്പെടും. റിയാദില്‍ നിന്ന് 163 യാത്രക്കാരുമായി എയര്‍ ഇന്ത്യാ വിമാനം ഉച്ചക്ക് 12.35ന് കോഴിക്കോടേക്ക് തിരിക്കും. 900 റിയാലാണ് ടിക്കറ്റ് നിരക്ക്.
അടുത്ത ദിവസങ്ങളില്‍ റിയാദില്‍നിന്ന് ഡല്‍ഹിയിലേക്കും ദമ്മാമില്‍നിന്ന് കൊച്ചിയിലേക്കും ജിദ്ദയില്‍നിന്ന് ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളിലേക്കും വിമാനങ്ങള്‍ പറക്കും. 14 വരെയാണ് ആദ്യഘട്ടത്തില്‍ വിമാനം ക്രമീകരിച്ചിരിക്കുന്നത്. ഓരോ വിമാനത്തിലും 200 യാത്രക്കാരെയാണ് കൊണ്ടുപോവുക. ആദ്യ ആഴ്ചയില്‍ 1000ത്തോളം ആളുകള്‍ ഇങ്ങനെ പോകും.
ഞായറാഴ്ച റിയാദില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുന്ന വിമാനത്തില്‍ 1023 ഉം പന്ത്രണ്ടാം തീയതി ദമ്മാമില്‍ നിന്ന് കൊച്ചിയിലേക്ക് പോകുന്ന വിമാനത്തില്‍ 850 റിയാലുമാണ് ടിക്കറ്റ് നിരക്ക്. 13ന് ജിദ്ദയില്‍ ഡല്‍ഹിയിലേക്കുള്ള വിമാനത്തില്‍ 1,350 റിയാലാണ് നിരക്ക്. പതിനാലാം തീയതി ജിദ്ദയില്‍ നിന്ന് കൊച്ചിയിലേക്ക് പോകുന്ന വിമാനത്തിലെ ടിക്കറ്റ് നിരക്ക് തീരുമാനമായിട്ടില്ല.
നാട്ടില്‍ പോകണമെന്ന് ആവശ്യപ്പെട്ട് എംബസിയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 60,000 ആളുകളാണ്. ഭൂരിഭാഗവും മലയാളികളാണ്. ഗര്‍ഭിണികള്‍, ദുരിതത്തിലായ തൊഴിലാളികള്‍, രോഗികള്‍ തുടങ്ങിയവര്‍ക്കാണ് ആദ്യ പരിഗണന നല്‍കുന്നത്. ഇൗ മാനദണ്ഡങ്ങള്‍ പ്രകാരം തയാറാക്കിയ യാത്രക്കാരുടെ പട്ടിക എയര്‍ ഇന്ത്യക്ക് കൈമാറിയിട്ടുണ്ട്. പട്ടികയിലുള്‍പ്പെട്ടവരെ യാത്രക്ക് 48 മണിക്കൂര്‍ മുമ്ബ് എംബസിയില്‍നിന്ന് വിളിച്ചറിയിക്കും. അവര്‍ എയര്‍ ഇന്ത്യയെ നേരില്‍ ബന്ധപ്പെട്ട് പണം നല്കി ടിക്കറ്റ് വാങ്ങണം.
