കെ.എസ്.ആര്‍.ടി.സിക്ക് വന്‍ വരുമാന നഷ്ടം; കേന്ദ്രസഹായം തേടുമെന്ന് ഗതാഗതമന്ത്രി

കോഴിക്കോട്:സംസ്ഥാനത്ത് വവലിയ വരുമാന നഷ്ടത്തോടെയാണ് കെ.എസ്.ആര്‍.ടി.സി ബസ് സര്‍വ്വീസ് നടത്തുന്നതെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. വരുമാന നഷ്ടത്തോട് കൂടി നടത്തി കൊണ്ടുപോവുക വലിയ പ്രയാസമാണെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ സഹായിക്കണമെന്ന് നിതിന്‍ ഗഡ്കരിയോട് ആവശ്യപ്പെടുമെന്നും ഗതാഗത മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.

കെ.എസ്.ആര്‍.ടി.സിക്ക് സാമ്ബത്തിക പാക്കേജ് അനുവദിക്കണമെന്നും ഇന്ധന വിലയില്‍ കുറവ് വരുത്തണമെന്നുമാകും കേന്ദ്ര സര്‍ക്കാരിനോട് പ്രധാനമായും ആവശ്യപ്പെടുക. എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷകള്‍ക്ക് കുട്ടികളെ കൊണ്ടു പോകാന്‍ ആവശ്യമെങ്കില്‍ കെ.എസ്.ആര്‍.ടി.സി പ്രത്യേക ബസ് സര്‍വീസ് നടത്തുമെന്നും മന്ത്രി അറിയിച്ചു. ഇക്കാര്യം വിദ്യാഭ്യാസ വകുപ്പുമായി ചര്‍ച്ച ചെയ്തു. രണ്ട് മൂന്ന് ദിവസത്തിനകം സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ബസുടമകളുടെ സംഘടനകളുമായി പുതിയൊരു ചര്‍ച്ച ആവശ്യമില്ലെന്നും എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി.

സ്വകാര്യ ബസുടമകളുടെ ആവശ്യങ്ങള്‍ ന്യായമല്ല എന്ന് പറയുന്നില്ലെന്നും നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ പരിഗണിക്കാനാവില്ലെന്നും മന്ത്രി വിശദീകരിച്ചു. ഇന്‍ഷ്വറന്‍സുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്വകാര്യ ബസുടമകളുടെ പ്രയാസം സര്‍ക്കാര്‍ മനസിലാക്കുന്നുണ്ടെന്നും അതുകൊണ്ടാണ് റോഡ് ടാക്സ് മൂന്നുമാസത്തേക്ക് ഇളവ് കൊടുത്തതെന്നും ശശീന്ദ്രന്‍ വിശദീകരിച്ചു.

ലോക്ഡൗണ്‍ സര്‍വ്വീസില്‍ ആദ്യദിനം കെ.എസ്.ആര്‍.ടി.സിക്ക് വന്‍ നഷ്ടമാണ് ഉണ്ടായത്. 35 ലക്ഷം കളക്ഷന്‍ കിട്ടിയപ്പോള്‍ അറുപത് ലക്ഷമാണ് നഷ്ടം. ഇന്ന് തിരക്ക് കൂടിയെങ്കിലും സര്‍വീസുകള്‍ കുറഞ്ഞത് യാത്രക്കാരെ വലച്ചു. ആകെ സീറ്റെണ്ണത്തിന്‍റെ പകുതിയില്‍ മാത്രം യാത്രക്കാരെ അനുവദിച്ച്‌ സര്‍വ്വീസ് തുടങ്ങിയപ്പോള്‍ പ്രതീക്ഷിച്ച മിനിമം കളക്ഷന്‍ പോലും കിട്ടിയില്ല. 35,32,465 രൂപയാണ് ആദ്യ ദിനം എത്തിയത്.

2,12,310 കിലോമീറ്റര്‍ ഓടിയപ്പോള്‍ ഒരു കിലോമീറ്ററിന് നഷ്ടം 28 രൂപ. ലോക്ഡൗണ്‍ സര്‍വ്വീസില്‍ അന്‍പത് ശതമാനം നിരക്ക് കൂട്ടിയിട്ടും പിടിച്ച്‌ നില്‍ക്കാനായില്ല. തിരുവനന്തപുരം സോണില്‍ പതിനാറ് ലക്ഷവും എറണാകുളം സോണില്‍ പന്ത്രണ്ടര ലക്ഷവും മലബാറില്‍ ആറര ലക്ഷവുമാണ് ഇന്നലത്തെ വരുമാനം. രണ്ടാം ദിനം യാത്രക്കാരുടെ തിരക്ക് കൂടി. എന്നാല്‍ സര്‍വ്വീസുകള്‍ കൂട്ടാത്തത് യാത്രക്കാരുടെ കാത്തിരിപ്പ് കൂട്ടി.

Leave a Reply

Your email address will not be published. Required fields are marked *