പാലക്കാട് വനിതാ ഹോസ്റ്റലിലെ സെക്യൂരിറ്റി ജീവനക്കാരനെ തലയ്ക്കടിച്ച്‌ കൊന്നു

പാലക്കാട്: കഞ്ചിക്കോട് പ്രവര്‍ത്തിക്കുന്ന വനിതാ ഹോസ്റ്റലിലെ സുരക്ഷാ ജീവനക്കാരനെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി. വ്യാഴാഴ്ച രാത്രി ഹോസ്റ്റല്‍ വളപ്പില്‍ അതിക്രമിച്ച്‌ കയറിയ വ്യക്തിയാണ് കോഴിക്കോട് കണ്ണോത്ത് സ്വദേശിയായ പി എം ജോണിനെ (69) ഇരുമ്ബുവടികൊണ്ട് തലക്കടിച്ച്‌ കൊന്നത്. സെക്യൂരിറ്റിയെ അക്രമി ഇരുമ്ബുവടി കൊണ്ട് തലയ്ക്കടിച്ച്‌ ക്രൂരമായിട്ട് കൊലപ്പെടുത്തുന്നുവെന്ന് തെളിയിക്കുന്ന സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലിസാണ് പുറത്തുവിട്ടത്.

ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം. കഞ്ചിക്കോട് ‘ആതുരാശ്രമം’ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന വനിതാ ഹോസ്റ്റലിന്റെ പിന്‍വശത്തെ മതില്‍ ചാടിക്കടന്നാണ് പ്രതി അകത്തുകയറിയത്. സംഭവം ശ്രദ്ധയില്‍പെട്ട സുരക്ഷാ ജീവനക്കാരന്‍ ജോണ്‍ ഇയാളെ തടയുകയും തുടര്‍ന്ന് ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ചെയ്തു. നാല്‍പതോളം വയസ് പ്രായമുള്ളയാളാണ് മതില്‍ ചാടിക്കടന്ന് വന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിട്ടുണ്ട്. പിന്നീട് ജോണിന്റെ കൈയിലുണ്ടായിരുന്ന ഇരുമ്ബുവടി തട്ടിപ്പറിച്ചെടുത്താണ് പ്രതി തലയ്ക്കടിച്ചത്. അടിയേറ്റ ജോണ്‍ നിലത്ത് വീണു.

നിലത്തുവീണ് കിടന്നതിന് ശേഷവും കമ്ബിവടികൊണ്ട് ജോണിന്റെ തലയ്ക്കടിക്കുന്നതും ദൃശ്യങ്ങളില്‍നിന്നും വ്യക്തമാണ്. ഈ സമയം 13 അന്തേവാസികളാണ് ഹോസ്റ്റലിലുണ്ടായിരുന്നത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജോണിനെ ഹോസ്റ്റലിലുള്ളവര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊല്ലപ്പെട്ട ജോണ്‍ രണ്ടുവര്‍ഷമായി ഇതേ ഹോസ്റ്റലില്‍ സുരക്ഷാജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. പ്രതി എന്തിനാണ് ഹോസ്റ്റലില്‍ അതിക്രമിച്ച്‌ കയറിയതെന്ന് വ്യക്തമായിട്ടില്ല. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരുമെത്തി സ്ഥലത്ത് പരിശോധന നടത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട ജോണിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.

Leave a Reply

Your email address will not be published. Required fields are marked *