കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിവേഗം വര്‍ധിക്കുകയും ചികില്‍സാ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കേണ്ടി വരികയും ചെയ്യുന്ന സാഹചര്യത്തിലും ആരോഗ്യവകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്പപെക്ടര്‍മാരെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവപങ്കാളികളാക്കാത്തത് പ്രോട്ടോകോള്‍ ആസൂത്രണത്തിലെ അപാകതയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ചുമതലകള്‍ പ്രാദേശിക തലത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയപ്പോള്‍ ആരോഗ്യമേഖലയുമായി അടുത്ത ബന്ധമുള്ള ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ മാറ്റി നിര്‍ത്തിയിരിക്കുകയാണ്. രോഗസാധ്യതയുള്ള മേഖലകളില്‍ ആളുകളുമായി കൂടുതല്‍ ബന്ധപ്പെടുന്നത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരാണെങ്കിലും നിയമപരമായ അധികാരങ്ങള്‍ അവര്‍ക്ക് നല്‍കിയിട്ടില്ല. ക്രമസമാധാന കാര്യങ്ങള്‍ നോക്കേണ്ട പോലീസിനാകട്ടെ ഈ ചുമതല അധികജോലിയായി മാറുകയും ചെയ്യുകയാണ്.
ലോകം നാളിതു വരെ കാണാത്ത തരത്തിലുള്ള ഭീകരമായ അവസ്ഥയാണ് കോവിഡ് 19 എന്ന പുതിയ രാജ്യാന്തര പകര്‍ച്ചവ്യാധി ഇപ്പോള്‍ സൃഷ്ട്ടിച്ചിരിക്കുന്നത്. സമ്പന്ന ലോകരാഷ്ട്രങ്ങള്‍ കോവിഡില്‍ വിറങ്ങലിച്ചു നില്‍കുമ്പോള്‍ ലോകത്താകമാനം മാതൃകപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച വെച്ചത് കേരളമാണ്. ചികിത്സാ രീതിയിലും പ്രതിരോധ മേഖലയിലുള്ള ടീം വര്‍ക്കിന്റെ വിജയമാണ് ഇതിന് കാരണം. രോഗപ്രതിരോധ മേഖലയില്‍ നേതൃത്വം നല്‍കുന്ന ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വിഭാഗം അടങ്ങുന്ന പൊതുജനാരോഗ്യ പ്രവര്‍ത്തകരുടെ കൂട്ടായ്മ ഈ വിജയത്തില്‍ പ്രധാന പങ്കാണ് വഹിച്ചു കൊണ്ടിരിക്കുന്നത്. രാപകല്‍ ഇല്ലാതെ എയര്‍പോര്‍ട്ട്, സീപോര്‍ട്ട്, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, ചെക്ക്പോസ്റ്റ്, അഥിതി തൊഴിലാളി കേന്ദ്രം തുടങ്ങി എല്ലാ മേഖലയിലും സംയോജിതമായി ഇടപെട്ടതിലാണ് മൂന്ന് ഘട്ടങ്ങളിലും കേരളം സേഫ് സോണില്‍ വന്നത്. കൂടാതെ തദ്ദേശ സ്വയംഭരണ വകുപ്പ്, പോലീസ്, സന്നദ്ധ സംഘടനകള്‍, ആര്‍.ആര്‍.ടി പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ ഏകോപിപ്പിച്ചിരുന്നതും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ ആയിരുന്നു. കേരളത്തിലെ അയ്യായിരത്തോളം വരുന്ന ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഈ മേഖലയില്‍ നടത്തി വരുന്നത് മികച്ച പ്രവര്‍ത്തനമാണ്.എന്നാല്‍ കോവിഡ് കാലത്ത് അടിയന്തിരമായി പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് സര്‍ക്കാര്‍ പുതിയ ഓര്‍ഡിനസ് പാസാക്കുകയും നടപ്പില്‍ വരുത്തുകയും ചെയ്തു. ഈ നിയമം നടപ്പില്‍ വരുത്തേണ്ടത് എസ്.എച്ച്.ഒ റാങ്കില്‍ ഉള്ള പോലീസ് ഉദ്യോഗസ്ഥരാണ് എന്നാണ് ചട്ടത്തില്‍ പറയുന്നത്. സാങ്കേതിക പരിജ്ഞാനമുള്ള ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വിഭാഗത്തെ പൂര്‍ണമായും ഒഴിവാക്കിയാണ് ചട്ടം നിര്‍മിച്ചിരിക്കുന്നത്. പഞ്ചായത്ത് തലത്തില്‍ ക്രമസാധാന പാലനം നടപ്പാക്കേണ്ട ഉത്തരവാദിത്തം ഉള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡുമായി ബന്ധപ്പെട്ട നിയമം കൂടി നടപ്പിലാക്കേണ്ടി വരുന്നത് അവരുടെ ജോലി ഭാരം വര്‍ധിപ്പിക്കും. രോഗബാധിത മേഖലകളില്‍ ഏറ്റവും കൂടുതല്‍ ഇടപെടുന്ന ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്കാണ് നിയമലംഘനം വേഗത്തില്‍ കണ്ടെത്താനാകുക. ചട്ടങ്ങളില്‍ പൊതുജനാരോഗ്യ വിഭാഗത്തെ ഉള്‍പ്പെടുത്തി പുതിയ ഉത്തരവ് ഇറക്കുകയാണ് വേണ്ടെന്ന് കേരള ഹെല്‍ത്ത് ഇന്‍സ്‌പെക്ടേഴ്‌സ് യൂണിയന്‍ ആവശ്യപ്പെടുന്നു. മുനിസിപ്പല്‍,കോര്‍പറേഷന്‍ മേഖലയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വിഭാഗത്തിന് നേരത്തെയുള്ള സ്റ്റാറ്റിയൂട്ടറി യൂണിഫോം, സ്പോര്‍ട് ഫൈന്‍ ചുമതല എന്നിവ നല്‍കണം. ഇത് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികച്ചതാക്കാന്‍ സഹായിക്കുമെന്ന് യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എം.എം.സക്കീര്‍ പറഞ്ഞു.
