തിരുവനന്തപുരം : ഓണപ്പരീക്ഷ പടിവാതിക്കലെത്തിയിട്ടും വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യാനാകാത്തത് വിദ്യാഭ്യാസവകുപ്പിന്റെ പിടിപ്പ് കേടുകൊണ്ടാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.അച്ചടി കഴിഞ്ഞ ലക്ഷക്കണക്കിന് പുസ്തകങ്ങളാണ് പ്രസ്സുകളില്‍ കെട്ടിക്കിടക്കുന്നത്. ഒരു ലക്ഷത്തി എണ്‍പത്തിയെണ്ണായിരത്തോളം പുസ്തകങ്ങള്‍ അച്ചടിച്ചെങ്കിലും വിദ്യാഭ്യാസ വകുപ്പിന്റെ പിടിപ്പ് കേടുകൊണ്ട് വിതരണം ചെയ്യാന്‍ കഴിയാതെ പോയി. കൃത്യസമയത്ത് പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ വീമ്പിളക്കിയെങ്കിലും ഒന്നും നടന്നില്ല. ഇത് കൂടാതെയാണ് അറുപത്തിനാലായിരത്തോളം പുസ്തങ്ങള്‍ ഇനി അച്ചടിക്കാനുള്ളത്. ഇവ അച്ചടിക്കുന്നതിന് 11 ാം തീയതിയാണ് സര്‍ക്കാര്‍ ഉത്തരവ് നല്‍കിയത്. എന്നിട്ടും പുസ്തകങ്ങളുടെ അച്ചടി ഇനിയും തുടങ്ങിയിട്ടില്ല. നാല് ദിവസം കൊണ്ട് അച്ചടി പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്, എന്നാല്‍ നാല് ദിവസം കഴിഞ്ഞാല്‍ ഓണപ്പരീക്ഷ തുടങ്ങുകയാണ്. അപ്പോള്‍ പുസ്തകം ലഭിച്ചാലും വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനമില്ലാത്ത അവസ്ഥയാണ് ഉണ്ടാകുക. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍മാത്രം നാല് ലക്ഷത്തോളം പുസ്തകങ്ങളാണ് കിട്ടാനുള്ളത്. സര്‍ക്കാര്‍ എയ്ഡഡ് മേഖലകളില്‍ പാഠപുസ്തകങ്ങള്‍ കിട്ടാതിരിക്കുമ്പോള്‍ അംഗീകാരമില്ലാത്ത സ്‌കൂളുകളില്‍ വന്‍തോതില്‍ അവ എത്തിച്ചതായും പരാതിയുണ്ട്. വിദ്യാഭ്യാസ വകുപ്പ് ആകെ കുത്തഴിഞ്ഞ കിടക്കുന്നതിന്റെ ലക്ഷണമാണിതൊക്കെ. ഇത്രയും ഗുരുതരമായ അവസ്ഥാവിശേഷം ഉണ്ടായിട്ടും വിദ്യാഭ്യാസ മന്ത്രിക്ക് ഇതിനെക്കുറിച്ച് യാതൊരു അറിവുമുണ്ടായിരുന്നില്ല, എന്നതാണ് വിചിത്രം. പഠിച്ചിട്ട് പറയാമെന്നാണ് മന്ത്രി ആദ്യം പറഞ്ഞത്. പിന്നീട് നാല് ദിവസം കൊണ്ട് അച്ചടി തീരുമെന്നും പറഞ്ഞു. വിദ്യാഭ്യാസവകുപ്പില്‍ എന്ത് നടക്കുന്നുവെന്ന് മന്ത്രിക്കുപോലും അറിയില്ല എന്നതിന്റെ തെളിവാണിതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിയും മന്ത്രിമാരും കുട്ടികളെ പഠിപ്പിക്കുന്ന വാര്‍ത്തകളും ചിത്രങ്ങളും ശ്രദ്ധയില്‍പ്പെട്ടു. ഇത് നല്ലതാണ്. എന്നാല്‍, കുട്ടികള്‍ക്ക് പഠിക്കേണ്ട പാഠപുസ്തകങ്ങള്‍ എത്തിക്കാനുള്ള ബാധ്യതയാണ് സര്‍ക്കാര്‍ ആദ്യം നിര്‍വ്വഹിക്കേണ്ടതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
