സി.ഭാസ്‌കരന്‍ അന്തരിച്ചു.

വയനാട്: സിപിഐ എം വയനാട് ജില്ലാ സെക്രട്ടറി സി.ഭാസ്‌കരന്‍ ജില്ലയില്‍ കമ്യൂണിസ്റ്റ് പാര്‍ടി കെട്ടിപ്പടുക്കുന്നതില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ച നേതാക്കളിലൊരാളാണ്. ദീര്‍ഘകാലം ബത്തേരി ഏരിയ സെക്രട്ടറിയായിരുന്നു. പിന്നീട് ജില്ലാ കമ്മിറ്റിയിലും ജില്ലാ സെക്രട്ടറിയറ്റിലുമെത്തി. ജില്ലാ സെക്രട്ടറിയായിരുന്ന സി കെ ശശീന്ദ്രന്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോഴാണ് സി ഭാസ്‌കരനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. മുന്‍വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റാണ്. ബത്തേരി ബ്ലോക്ക് ഡവലപ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍, ബത്തേരി പഞ്ചായത്ത് മെമ്പര്‍എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജനപ്രതിനിധിയായും സംഘടനാ പ്രവര്‍ത്തകനായും കഴിവ് തെളിയിച്ച ഭാസ്‌കരന്‍ വയനാട്ടില്‍ സിപിഐ എമ്മിന് പ്രതിസന്ധി നേരിട്ടപ്പോഴെല്ലാം നയിക്കാന്‍ മുന്നിലുണ്ടായിരുന്നു.കോഴിക്കോട് നന്മണ്ട ചീക്കിലോട് പരേതരായ ചാത്തോത്ത് കുഞ്ഞിരാമന്‍ നായരുടെയും ഉണിച്ചീരയുടെയും മകനാണ്. വിദ്യാഭ്യാസത്തിനുശേഷം എഴുപതികളിലാണ് തൊഴിലാളിയായി വയനാട്ടിലെത്തിയത്. ബത്തേരി കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. ഹോട്ടല്‍ തൊഴിലാളികളെ സംഘടിപ്പിച്ചാണ് പൊതുരംഗതെത്തിയത്. പിന്നീട് ചുമട്ട് തൊഴിലാളികളെയും തോട്ടം തൊഴിലാളികളെയും സംഘടിപ്പിച്ച് ജില്ലയില്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനം ശക്തമാക്കി. വര്‍ഷങ്ങളായി സിഐടിയു വയനാട് ജില്ലാ സെക്രട്ടറിയാണ്. അടിയന്തരാവസ്ഥയില്‍ ജയിലിലായി. ഏറെനാള്‍ ഒളിവില്‍ കഴിഞ്ഞു. സമരങ്ങളില്‍ പങ്കെടുത്ത് നിരവധി തവണ ജയില്‍വാസം അനുഭവിച്ചു. ക്രൂരമായ പൊലീസ് മര്‍ദനങ്ങള്‍ക്കും ഇരയായി. തുടക്കത്തില്‍ ബത്തേരി കേന്ദീകരിച്ചായിരുന്നു പ്രവര്‍ത്തനമെങ്കിലും പിന്നീട്/ ജില്ലയിലാകെ വ്യാപിപ്പിച്ചു.ഭാര്യ: ശോഭ. മക്കള്‍: അമ്പിളി (ബത്തേരി സെന്റ് മേരീസ് കോളേജ്), അശ്വതി (ബത്തേരി കാര്‍ഷിക ഗ്രാമവികസന ബാങ്ക്). മരുമക്കള്‍: അഭിലാഷ് (ദുബായ്), മിഥുന്‍ വര്‍ഗീസ്.

Leave a Reply

Your email address will not be published. Required fields are marked *