തിരുവനന്തപുരം: മുന്‍ മന്ത്രി കെ.എം. മാണിക്കെതിരായ ബാര്‍ കോഴക്കേസ് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡി അട്ടിമറിച്ചെന്ന് വിജിലന്‍സ് എസ്പി ആര്‍. സുകേശന്‍. ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ശങ്കര്‍ റെഡ്ഡിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. സുകേശന്റെ ഹര്‍ജി ഇന്നു കോടതി പരിഗണിക്കും. കേസ് ഡയറിയില്‍ ശങ്കര്‍ റെഡ്ഡി നിര്‍ബന്ധിച്ച് കൃത്രിമം നടത്തി. തെളിവുകള്‍ തിരസ്‌കരിച്ചു. മാണിക്കെതിരെ കുറ്റപത്രം വേണമെന്ന് ആവശ്യപ്പെട്ട് താന്‍ നല്‍കിയ രണ്ടാമത്തെ വസ്തുത റിപ്പോര്‍ട്ട് തള്ളിയെന്നും സുകേശന്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു. ബാര്‍ കേസില്‍ മാണിയെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷവും വിജിലന്‍സ് കോടതിയില്‍ നിലപാടെടുത്തിരുന്നു. എന്നാല്‍ യുഡിഎഫ് ഭരണകാലത്തെ അഴിമതിക്കേസുകളില്‍ ആവശ്യമെങ്കില്‍ പുനരന്വേഷണം നടത്താമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് പിന്നീട് വ്യക്തമാക്കുകയും ചെയ്തിരുന്നു.
