തിരുവനന്തപുരം മന്ത്രി ഇ.പി. ജയരാജന്‍ എല്ലാ നെയ്ത്തു തൊഴിലാളികള്‍ക്കും വര്‍ഷത്തില്‍ മുന്നൂറ് ദിവസം തൊഴില്‍ ഉറപ്പാക്കുമെന്നും വേതനത്തില്‍ ഗണ്യമായ വര്‍ധനയ്ക്ക് നടപടിയുണ്ടാവുമെന്നും വ്യവസായ വാണിജ്യ മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു. കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കാഡ്‌കോ) സംഘടിപ്പിച്ച വസ്ത്രഗ്രാമം പദ്ധതിയില്‍ പരിശീലനം നേടിയ വനിതകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണവും പൊതുസേവന കേന്ദ്രങ്ങളുടെ പ്രഖ്യാപനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍ട്ടിസാന്‍സ് രംഗത്തെ സ്ത്രീ സംരംഭകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി ഒരു കേന്ദ്രത്തില്‍ ജോലി ചെയ്യുന്നതിനുള്ള സാഹചര്യമുണ്ടാക്കുമെന്നും ഉത്പന്നങ്ങള്‍ക്ക് ഇന്ത്യയ്ക്കകത്തും പുറത്തും വിപണി കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു. പരിശീലനം നേടിയ വനിതകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ചീഫ് പ്രൊമോട്ടര്‍മാരായ മഞ്ജു, ശുഭാചന്ദ്രന്‍ എന്നിവര്‍ക്ക് മന്ത്രി കൈമാറി. കോട്ടയം, തിരുവനന്തപുരം ജില്ലകളില്‍ പതിനഞ്ചു ലക്ഷം രൂപ വീതം ചെലവഴിച്ച് പൊതുസേവനകേന്ദ്രം സ്ഥാപിച്ച് ഒക്ടോബര്‍ രണ്ടിനുമുമ്പ് കമ്മീഷന്‍ ചെയ്യുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ പി.എം. ഫ്രാന്‍സിസ് അറിയിച്ചു. കാഡ്‌കോ എം.ഡി. അഭിലാഷ് സി., ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ രമേഷ് ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
