സമ്പൂര്‍ണ്ണ വൈദ്യുതീകരണം ഫെബ്രുവരിയില്‍ പൂര്‍ത്തീകരിക്കും

മലപ്പുറം: ജില്ലയെ സമ്പൂര്‍ണ്ണമായി വൈദ്യുതീകരിക്കുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ 2017 ഫെബ്രുവരി അവസാനത്തോടെ പൂര്‍ത്തീകരിക്കുമെന്ന് വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സമ്പൂര്‍ണ്ണ വൈദ്യുതീകരണവുമായി ബന്ധപ്പെട്ട് മുന്‍സിപ്പല്‍ കൗണ്‍സില്‍ ഹാളില്‍ നടന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 2017 മാര്‍ച്ചിലാണ് സംസ്ഥാനം സമ്പൂര്‍ണമായി വൈദ്യുതീകരിച്ചതായി പ്രഖ്യാപിക്കുന്നത്.
ജില്ലയില്‍ നിലവില്‍ 9,000 പേര്‍ക്ക് വൈദ്യുതി കണക്ഷന്‍ ലഭിക്കാനുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. ബാക്കിയുള്ള വനം- ആദിവാസി മേഖലയിലുമുള്ളവര്‍ ഉള്‍പ്പെടെയുള്ളവരുടെ കണക്കുകള്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് സെപ്റ്റംബര്‍ ഒമ്പതിന് മുമ്പായി തയ്യറാക്കാന്‍ മന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. ഇതിനായി നിലവിലുള്ള പഞ്ചായത്ത് മോണിറ്ററിങ് സമിതിയുടെ സഹകരണം ഉറപ്പാക്കണം. തയ്യറാക്കുന്ന ലിസ്റ്റ് പഞ്ചായത്തുള്‍പ്പെടെയുള്ള പൊതു സ്ഥലങ്ങളില്‍ പരസ്യപ്പെടുത്തണം. കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി സെപ്റ്റംബര്‍ 20 നകം അന്തിമ ലിസ്റ്റ് തയ്യാറാക്കണം. ലിസ്റ്റിലുള്ളവരുടെ പ്രവര്‍ത്തിക്കാവശ്യമായ എസ്റ്റിമേറ്റ് 25 നകം തയ്യാറാക്കി ഒക്‌ടോബര്‍ ആദ്യവാരത്തില്‍ പണികള്‍ തുടങ്ങണമെന്നും മന്ത്രി നിര്‍ദേശിച്ചു.
പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും എം.എല്‍.എ, എം.പി, വിവിധ വകുപ്പുകളുടെ ഫണ്ടുകള്‍ വിനിയോഗിക്കുകയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും വേണം. എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് 25 വീടുകളെങ്കിലും ഉള്‍പ്പെടുന്നവര്‍ക്ക് ഗുണം ചെയ്യുന്ന പദ്ധതി തയ്യാറാക്കാനും മന്ത്രി നിര്‍ദേശിച്ചു.
വീടുകള്‍ക്ക് നമ്പറില്ലാത്തത് കണക്ഷന്‍ ലഭിക്കുന്നതില്‍ തടസ്സം നിലനില്‍ക്കുന്നതായി ഉദ്യോഗ്യസ്ഥര്‍ പറഞ്ഞു. 100 ചതുരശ്ര മീറ്റര്‍ ചുറ്റളവുള്ള വീടുകള്‍ക്ക് കണക്ഷന്‍ നല്‍കുന്നതിന് മാത്രമായി പഞ്ചായത്തിന് അനുമതി നല്‍കാവുന്നതാണ്. ഇത് സംബന്ധിച്ച് നിലവിലുള്ള ഉത്തരവ് ഗ്രാമപഞ്ചായത്തുകള്‍ക്ക് നല്‍കാന്‍ ഡെപ്യൂട്ടി ഡയറക്ടറോട് മന്ത്രി നിര്‍ദേശിച്ചു. ലൈന്‍ ക്രോസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് എ.ഡി.എമ്മിന്റെ മുന്നിലുള്ള പരാതികള്‍ യുദ്ധക്കാലടിസ്ഥാനത്തില്‍ തീര്‍ക്കാനും പരിഹരിച്ചവയില്‍ അന്ന് തന്നെ ബന്ധപ്പെട്ട കക്ഷിക്ക് കണക്ഷന്‍ കൊടുക്കാനും മന്ത്രി നിര്‍ദേശിച്ചു. നിലവില്‍ മണ്ഡലത്തിലുള്ള എം.എല്‍ എ ചെയര്‍മാനായ കമ്മിറ്റികള്‍ യോഗം ചേരാനും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും മന്ത്രി നിര്‍ദേശിച്ചു. ജില്ലക്ക് അനുവദിച്ച 750 കോടിയുടെ പുതിയ പ്രൊജക്ട് മൂന്ന് വര്‍ഷത്തിനകം പൂര്‍ത്തിയാക്കും.
യോഗത്തില്‍ എം.എല്‍. എമാരായ അഡ്വ.എം.ഉമ്മര്‍, പി.കെ അബ്ദുറബ് പി. ഹമീദ് മാസ്റ്റര്‍ , സി. മമ്മൂട്ടി , ടി.വി.ഇബ്രാഹിം, ടി.എ അഹമ്മദ് കബീര്‍, ആബിദ് ഹുസൈന്‍ തങ്ങള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണിക്യഷ്ണന്‍, ജില്ലാ കലക്ടര്‍ എ.ഷൈനാമോള്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.എച്ച്.ജമീല ടീച്ചര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *