ഒന്നരലക്ഷം ആദിവാസി കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ്

തിരുപനന്തപുരം: ഈ വര്‍ഷത്തെ ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ 153825 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ഓണക്കിറ്റും പ്രക്തന ഗോത്രവിഭാഗത്തില്‍പ്പെട്ട 14800 പേര്‍ക്ക് ഓണക്കോടിയും സൗജന്യമായി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്തംബര്‍ എട്ടിന് വൈകിട്ട് മൂന്നിന് കല്‍പ്പറ്റയില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക ക്ഷേമ മന്ത്രി എ. കെ ബാലന്‍ നിര്‍വഹിക്കും. 15 കിലോ അരി, ചെറുപയര്‍ (500ഗ്രാം), പഞ്ചസാര (500 ഗ്രാം), മുളക്‌പൊടി (200 ഗ്രാം), ശര്‍ക്കര (500 ഗ്രാം), വെളിച്ചെണ്ണ (500 മില്ലി), ഉപ്പ്‌പൊടി (1 കിലോഗ്രാം), പരിപ്പ് (250 ഗ്രാം), ചായപ്പൊടി (200 ഗ്രാം), എന്നിവ ഉള്‍പ്പെട്ടതാണ് ഓണക്കിറ്റ്. കസവ് ഡബിള്‍ മുണ്ടും വെള്ള തോര്‍ത്തുമാണ് പുരുഷന്‍മാര്‍ക്കുള്ള ഓണക്കോടി, കസവ് സെറ്റ് മുണ്ടും നേരിയതുമാണ് സ്ത്രീകളുടെ ഓണക്കോടി. 12,81,12,510 (പന്ത്രണ്ട് കോടി എണ്‍പത്തിയൊന്ന് ലക്ഷത്തി പന്ത്രണ്ടായിരത്തി അഞ്ഞൂറ്) രൂപയാണ് പദ്ധതികള്‍ക്കായി ആകെ ചെലവഴിക്കുന്നത്. ഓണക്കിറ്റ് സിവില്‍ സപ്ലൈസില്‍ നിന്നും തുക മുന്‍കൂര്‍ നല്‍കി വാങ്ങുന്നതിനും ഓണക്കോടി ഹാന്റെക്‌സില്‍ നിന്ന് 50 ശതമാനം തുക മുന്‍കൂറായി നല്‍കി വാങ്ങുന്നതിനും തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുമാണ് രണ്ട് പദ്ധതികള്‍ക്കും തുക അനുവദിച്ചിട്ടുള്ളത്. കിറ്റുകള്‍ കോളനികളില്‍ എത്തിച്ച് വിതരണം ചെയ്യുന്നതിന് ചെലവാകുന്ന തുക പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ജില്ലാ ഓഫീസര്‍മാര്‍ക്ക് അനുവദിക്കും. വിതരണത്തിനായി നല്‍കുന്ന സാധനങ്ങള്‍ കൃത്യ അളവിലും തൂക്കത്തിലും ഗുണനിലവാരത്തിലും ഉള്ളതാണെന്ന് സിവില്‍ സപ്ലൈസ് മാനേജിംഗ് ഡയറക്ടര്‍ ഉറപ്പുവരുത്തി ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍മാര്‍ക്ക് കൈമാറണം. ഓണക്കോടിയുടെ കാര്യത്തില്‍ ഹാന്റെക്‌സ് മാനേജിംഗ് ഡയറക്ടറും ഗുണനിലവാരം ഉറപ്പു വരുത്തി ജില്ലാ ഓഫീസര്‍മാര്‍ക്ക് കൈമാറണം. ജില്ലാ കളക്ടര്‍മാര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്നും ഓണത്തിന് മുന്‍പ് കിറ്റും ഓണക്കോടിയും വിതരണം പൂര്‍ത്തിയാക്കുമെന്ന് ഉറപ്പു വരുത്തണമെന്നും ഉത്തരവില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്‌

Leave a Reply

Your email address will not be published. Required fields are marked *