കല്പറ്റ: കല്പറ്റ സീറ്റില്‍ ഉചിതമായ സ്ഥാനാര്‍ഥിയെ പാര്‍ട്ടി കണ്ടെത്തുമെന്ന് എല്‍.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാര്‍. സീറ്റ് പാര്‍ട്ടിക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട് സി.പി.എം ഉറപ്പുനല്‍കിയിട്ടുണ്ട്. നിലവില്‍ ഞാന്‍ രാജ്യസഭ എം.പിയാണ്. എനിക്ക് ഒരുവര്‍ഷം കൂടി ബാക്കിയുണ്ട്. ഒരു സ്ഥാനത്തിരിക്കുന്ന ഞാന്‍ അത് രാജിവെച്ച് വേറൊരുസ്ഥാനത്തേക്ക് വരുന്നത് അത്യാര്‍ത്തിയാണ്. രാഷ്ട്രീയം എന്നു പറയുന്നത് പൊതുജനസേവനമാണ്. നമ്മുടെ സ്വന്തം കാര്യം നേടിയെടുക്കാനുള്ള വേദിയല്ല. അത് അധാര്‍മികമാണെന്ന കൃത്യമായ അഭിപ്രായമാണ് എനിക്കുള്ളത്. അത് ഞാന്‍ പാര്‍ട്ടിയെ അറിയിയിച്ചിട്ടുണ്ട്.
മകള്‍ മത്സരിക്കുമെന്ന തരത്തില്‍ പ്രചാരണം നടക്കുന്നുണ്ടല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ഞാന്‍ കണ്ടിട്ടില്ലെന്നായിരുന്നു മറുപടി. രണ്ടു മാസം പൊലീസ്, ഇ.ഡി കസ്റ്റഡികളില്‍ കഴിഞ്ഞ വിശ്വാസ്യതയില്ലാത്തൊരാള് എന്തെങ്കിലും മൊഴിനല്കിയാല്, അത് എങ്ങനെയാണ് കേരളത്തിെന്റ മുഖ്യമന്ത്രിക്ക് ബാധകമാകുക. ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പങ്കുണ്ടെന്ന സ്വപ്നയുടെ മൊഴിയുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു. കേന്ദ്ര അന്വേഷണ ഏജന്‍സികളെല്ലാം കേന്ദ്രസര്‍ക്കാറിെന്റ പാവകളാണ്. ഇത്തരം അബദ്ധങ്ങള്‍ ആരെങ്കിലും വിശ്വസിക്കുമോ?
സ്വര്‍ണക്കടത്തിന് മുഖ്യമന്ത്രി കൂട്ടുനിന്നു എന്ന തരത്തിലുള്ള കടിച്ചാല്‍ പൊട്ടാത്ത നുണകള്‍ പറഞ്ഞ് കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ജനങ്ങള്‍ക്ക് കൃത്യമായി കാര്യങ്ങള്‍ അറിയാം. അവരുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാറാണ് ഇവിടെയുള്ളത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇക്കാര്യങ്ങളില്‍ ജനങ്ങള്‍ അവജ്ഞയോടെ തള്ളിക്കളഞ്ഞില്ലേ. തെരഞ്ഞെടുപ്പില്‍ ഇത്തവണ എല്‍.ഡി.എഫിെന്റ സീറ്റുകള്‍ വര്‍ധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
