കല്പറ്റ: സി.പി.എം സിറ്റിങ് സീറ്റായ കല്പറ്റ എല്‍.ജെ.ഡിക്ക് നല്‍കിയതില്‍ സി.പി.എമ്മിനുള്ളില്‍ അസംതൃപ്തി. ശനിയാഴ്ച ചേര്‍ന്ന ജില്ല കമ്മിറ്റിയില്‍ ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നത്. ജില്ല ആസ്ഥാനത്തെ സീറ്റ് പാര്‍ട്ടിക്ക് നഷ്ടമാകുമ്ബോള്‍ അത് തിരിച്ചടി തന്നെയാണെന്ന് ചില അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
സി.പി.എം കഴിഞ്ഞ തവണ ജയിച്ച സീറ്റില്‍ ഇത്തവണയും മത്സരിക്കണമെന്നാണ് ജില്ല കമ്മിറ്റി ശക്തമായി ആവശ്യപ്പെട്ടത്. സിറ്റിങ് എം.എല്‍.എ സി.കെ. ശശീന്ദ്രന് ഉള്‍പ്പെടെ ചില പേരുകള്‍ നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍, സംസ്ഥാന കമ്മിറ്റിയില്‍ കാര്യമായ ചര്‍ച്ച നടത്താതെയാണ് സീറ്റ് എല്‍.ജെ.ഡിക്ക് വിട്ടു നല്‍കിയത്. പാര്‍ട്ടി തീരുമാനം റിപ്പോര്‍ട്ട് ചെയ്യാന്‍ മന്ത്രി ടി.പി. രാമകൃഷ്ണനാണ് യോഗത്തിനെത്തിയത്. വളരെ ഗൗരവമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. അതേസമയം, മുന്നണി സംവിധാനവും നീക്കുപോക്കുകളുമാണ് രാമകൃഷ്ണന് ഓര്‍മിപ്പിച്ചത്.
പട്ടികവര്‍ഗ സംവരണ മണ്ഡലങ്ങളായ ബത്തേരിയിലും മാനന്തവാടിയിലും സി.പി.എം മത്സരിക്കുന്നുണ്ട്. കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ചെത്തിയ എം.എസ്. വിശ്വനാഥനാണ് ബത്തേരിയില്‍ സാധ്യത കൂടുതല്‍. മാനന്തവാടിയില്‍ ഒ.ആര്. കേളു വീണ്ടും മത്സരിക്കും.
